Tuesday, July 3, 2012

മാസ്റ്റര്‍ ഓഫ് ക്വട്ടേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ...



പത്താംക്ലാസ് പരീക്ഷ കഷ്ട്ടിച്ച് പാസായ, കാര്യമായി മേലനങ്ങാതെ കാശ് സമ്പാതിക്കാനും ബി എം ഡബ്ലിയു കാറ് വാങ്ങാനും ആഗ്രഹിക്കുന്ന യുവാവാണോ നിങ്ങള്‍ ....  മകനെ സ്വാശ്രയ കോളേജില്‍ പഠിപ്പിക്കാന്‍ കഴിയാതെ വിഷമിക്കുന്ന രക്ഷിതാവാണോ നിങ്ങള്‍ ... എങ്കില്‍ ഇത് നിങ്ങള്‍ക്കുള്ളതാണ്. 

കേരളത്തിനകത്തും പുറത്തും ഒട്ടേറെ തൊഴില്‍ സാധ്യതകളുള്ള മാസ്റ്റര്‍ ഓഫ് ക്വട്ടേഷന്‍ കോഴ്സുകളിലേക്ക് ആരോഗ്യവാന്മാരായ യുവാക്കളില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു. കോഴ്സുകള്‍,  MBA (കുത്തിക്കൊല്ലല്‍), MBA ( ഞെക്കികൊല്ലല്‍ ), MBA ( വെടിവെച്ചുകൊല്ലല്‍ ) എന്നിവയാണ്. നിങ്ങളുടെ കൊടിയുടെ നിറം ഇതുമാകട്ടെ .. ഉടനടി സ്ക്രീനില്‍ കാണുന്ന ടോള്‍ഫ്രീ  നമ്പറില്‍ വിളിച്ച് ഞങ്ങളുടെ കോഴ്സ് മാനേജര്‍ 'വെട്ടുകാട്ശശി'യുമായി ബന്ധപ്പെടുക. ഇടത്തും വലത്തും അതിനു നടുവിലുംഉള്ള എല്ലാ പാര്‍ട്ടികളിലും ഞങ്ങള്‍ക്ക് നേതാക്കളുണ്ട്.

ഞങ്ങളുടെ കോഴ്സ് പഠിച്ചിറങ്ങിയ അമേരിക്കന്‍ സ്വദേശി ജെന്നിഫര്‍ നിക്കോലി പറയുന്നത് കേള്‍ക്കൂ .. " വാവ്വ്! .. വളരെ അത്ഭുതകരമാണ് ഈ കോഴ്സിന്റെ ഫലങ്ങള്‍. മുന്‍പ് ഞാന്‍ പണിയൊന്നും ഇല്ലാതെ വാഷിംഗ്ടണ്‍ തെരുവിലൂടെ തേരാപാരാ തെണ്ടി നടക്കുകയായിരുന്നു. ഈ കോഴ്സ് പഠിച്ച ശേഷം എന്റെ ജീവിതമാകെ മാറി. ഇപ്പോള്‍ ഒബാമയെവരെ കൊല്ലാനുള്ള ധൈര്യം എനിക്ക് വന്നു. എനിക്ക് കൃത്യമായി പോക്കറ്റ് മണി തരാതെ തന്റെ പുതിയ ഗേള്‍ ഫ്രണ്ടിനൊപ്പം കറങ്ങിനടന്ന എന്റെ പപ്പയെ തല്ലിയാണ് ഞാന്‍ എന്റെ ക്വട്ടേഷന്‍ പണിക്ക് തുടക്കംകുറിച്ചിട്ടുള്ളത് "

നിക്കോലി പറയുന്നത് കേട്ടല്ലോ ഇനി തന്റെ മകനെ ഈ കോഴ്സ് പഠിപ്പിച്ച ഒരച്ഛന്‍ പറയുന്നത് കേള്‍ക്കൂ .. " പിള്ളേര് മാസ്റ്റര്‍ ഓഫ് ക്വട്ടേഷന്‍ കോഴ്സ് പഠിക്കുണ്ട് .. ഉടനടി അവര്‍ക്ക് ജോലി കിട്ടുന്നുമുണ്ട്... നമ്മുടെ നാടും നന്നാവുന്നുണ്ട്."

ക്വട്ടേഷന്‍ പണിയില്‍ പേരെടുത്തവരായാ 'ലംബൂ' പ്രദീപ്‌, 'കൊടി' സുനി, 'വാക്കത്തി' രാജന്‍ എന്നിവര്‍ നയിക്കുന്ന പ്രാക്റ്റിക്കല്‍ ക്ലാസുകള്‍, ചാനല്‍ ചര്‍ച്ചകളില്‍ തിളങ്ങുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും, ആവശ്യത്തിനു മാത്രം വായതുറക്കുന്ന സാംസ്ക്കാരിക നായകരും നയിക്കുന്ന തിയറി ക്ലാസ്സുകള്‍. മറ്റ് കോഴ്സുകള്‍ പഠിക്കുന്ന സമയം കൊണ്ട് നിങ്ങള്ക്ക് ഈ കോഴ്സിന്റെ  പ്രാക്റ്റിക്കല്‍ പൂര്‍ത്തിയാക്കി ജയിലില്‍ നിന്ന് റിലീസാകം. തെരഞ്ഞെടുപ്പു വേളകളില്‍ പ്രത്യേക പരിശീലന അവസരങ്ങള്‍ നല്‍കുന്നതായിരിക്കും. ഒളിവില്‍ പോകാന്‍, കേസ് നടത്താന്‍ ഞങ്ങള്‍ പിരിവുനടത്തി നിങ്ങളെ സഹായിക്കും. കൊല ചെയ്തു മടുത്താല്‍ മാധ്യമങ്ങളില്‍ വെളിപ്പെടുത്തല്‍ നടത്താന്‍ അവസരം നല്‍ക്കും. ABC അറിയാത്ത നിങ്ങളെക്കുറിച്ച് BBC യില്‍ വാര്‍ത്തവരും. അഡ്മിഷന്‍ കുറച്ചു ദിവസത്തേക്ക് മാത്രം. വര്‍ദ്ധിച്ചു വരുന്ന അഭ്യര്‍ത്ഥനമാനിച്ച് സീറ്റുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

എന്ന്
കോഴ്സ് കോഡിനേറ്റര്‍
മണിയാശന്‍   
        

Thursday, February 16, 2012

കാത്തിരിക്കൂ, സ്റ്റൈയില്‍ മന്നനും സകലകലാവല്ലഭനും ഒന്നിക്കുന്നു !




1975 ല്‍ കെ ബാലചന്ദറിന്റെ ' അപൂര്‍വ്വ രാഗങ്ങളില്‍' അഭിനയിക്കാന്‍ ശിവാജി റാവു ഗേയ്ക്ക്വാദെത്തുമ്പോള്‍ ചിത്രത്തിലെ നായകനായ കമല്‍ ഹാസ്സന്‍ തമിഴ് സിനിമയില്‍ തന്റേതായൊരു ഇടം നേടിയെടുത്തുകഴിഞ്ഞിരുന്നു. ഭൈരവി എന്ന നായികാ കഥാപാത്രത്തിന്റെ ഭര്‍ത്താവും പ്രതിനായകനുമായി ശിവാജി റാവു ആ ചിത്രത്തില്‍ തിളങ്ങി. പതിവ് വില്ലന്‍ കഥാപാത്ര സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ആ സ്റ്റൈലിഷ് വില്ലന്‍ നായകനേക്കാള്‍ കൈയ്യടി നേടി. മറാത്താവംശജനായ കറുത്ത് മെലിഞ്ഞ കര്‍ണ്ണാടകക്കാരന്‍ യുവാവ് രജനീകാന്തായി. തമിഴ് സിനിമയുടെ സ്റ്റൈല്‍ മന്നനായി. കമല ഹാസന്റെയും രജനീകാന്തിന്റെയും അഭിനയ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ ഇരുവരും പത്ത് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു. മിക്ക ചിത്രങ്ങളും കമല്‍ സുന്ദരനായ നായകനും രജനി സ്റ്റൈലന്‍ വില്ലനുമായിരുന്നു. പിന്നീട് രണ്ടുപേരും കോളീവുഡില്‍ സ്വന്തം സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തി. ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഈ ഇതിഹാസതാരങ്ങള്‍ വീണ്ടും ഒന്നിയ്ക്കുന്നു. ഇരുവരുടെയും ആരാധകരെയും സിനിമാലോകത്തെയും ആവേശത്തിലാക്കുന്ന ഈ ആഗ്രഹം വ്യക്തമാക്കിയത് കമല ഹാസന്‍ തന്നെയാണ്. തന്റെ സ്വപ്ന പദ്ധതിയായ 'മരുതനായക'ത്തില്‍ രജനി അതിഥിതാരമായെത്തും എന്നാണ് കമല അറിയിച്ചിട്ടുള്ളത്. 1997 ല്‍ എലിസബത്ത് രാജ്ഞിയാണ് 'മരുതനായക'ത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്‌. മുഹമ്മദ്‌ യൂസഫ്‌ ഖാനെന്ന ചരിത്രപുരുഷന്റെ ജീവിതകഥ പറയുന്ന 'മരുതനായക'ത്തിന്റെ ബഡ്ജറ്റ് 150 കോടി രൂപയായിരുന്നു. ചിത്രത്തിന്റെ 25 % ഷൂട്ടിംഗ് പൂര്‍ത്തിയായെങ്കിലും സാമ്പത്തീക ബുദ്ധിമുട്ടുകളും സാങ്കേതിക കാരണങ്ങളും മൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന 'വിശ്വരൂപ'ത്തിനുശേഷം 'മരുതനായക'ത്തിന്റെ ഷൂട്ടിംഗ് പുന:രാരംഭിക്കുമെന്ന് കമല്‍ വ്യക്തമാക്കി. കാത്തിരിക്കാം, സ്റ്റൈയില്‍ മന്നന്റെയും സകലകലാവല്ലഭന്റെയും താര സംഗമത്തിനായി.

**********************************************************************************

സാക്ഷാല്‍ 'മക്കള്‍തിലകം' എം ജി ആറും 'നടികര്‍തിലകം' ശിവാജി ഗണേശനും ഒരുമിച്ച് അഭിനയിക്കാത്തത്തിനു കാരണം ആരുടെ പേര് ആദ്യം എഴുതിക്കാണിക്കണം എന്ന ആശങ്ക നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നതിനാലാണെന്നാണ് തമിഴകത്തെ പഴമൊഴി. അടുത്തകാലത്തഭിനയിച്ച എല്ലാ ചിത്രങ്ങളും എട്ടുനിലയില്‍ നിലംതൊടാതെ പൊട്ടിയതിനാലാണ് സകലകലാവല്ലഭന്‍ സ്റ്റൈയില്‍മന്നനോടൊത്ത് അഭിനയിക്കാന്‍ പദ്ധതിയിടുന്നതെന്നാണ് പുതുമൊഴി. രണ്ടുപേരുടെയും ആരാധകര്‍ മാത്രം കണ്ടാല്‍ പോരെ ചിത്രം സര്‍വ്വകാല ഹിറ്റല്ലേ...

Tuesday, February 7, 2012

പാഠം ഒന്ന്: വൈ ദിസ് കൊലവെറി




കാര്യം, പാടിയത് ഒരു തട്ടിക്കൂട്ട് പാട്ടാണെങ്കിലും പണ്ടാരോ പറഞ്ഞ പോലെ ചക്ക വീണു മുയലു ചത്തു. അല്ല മുയലുകള്‍ ചത്തു എന്ന് പറയുന്നതായിരിക്കും ശരി. കാരണം അതുപോലെയല്ലേ സംഭവം അങ്ങ് കയറി ഹിറ്റായത്!. ഭാഷാ ഭേദങ്ങള്‍ പിന്നിട്ട് അറബിയിലും സ്പാനിഷിലും ജര്‍മനിലുമെല്ലാം 'കൊലവെറി' തരംഗം ആഞ്ഞടിച്ചു. യൂ-ടൂബ് ഹിറ്റില്‍ സകലകാല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചു. പാക്കിസ്ഥാനില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും പങ്കെടുത്ത ടി വി പരിപാടിക്ക് 'വൈ ദിസ് ഡെമോക്രസി ഡീ' എന്ന് പേര് കൊടുത്തു. ചെന്നൈ പോലീസിന്റെ ട്രാഫിക് സുരക്ഷാ പരിപാടികള്‍ക്ക് പരസ്യം കൊടുത്തത് ' വൈ ദിസ് കൊലവെറി ' എന്ന തലക്കെട്ടോടെയായിരുന്നു. കെട്ടിയവനെ നെറ്റില്‍ വിറ്റ് കാശാക്കിയ രജനിയുടെ മകള്‍ ഐശ്വര്യ, ധനുഷിനെ കറക്കിയെടുക്കാന്‍ ശ്രമിച്ച ശ്രുതി ഹാസ്സനെ നോക്കി 'വൈ ദിസ് കൊലവെറി ഡീ ... ' എന്ന് പാടിയതായാണ് കോളീവുഡിലെ പാപ്പരാസികള്‍ പറയുന്നത്. അസൂയാലുക്കള്‍ അങ്ങിനെ പലതും പറയുമെന്നാണ് സൂപ്പര്‍ സ്റ്റാര്‍ മകള്‍ക്ക് നല്‍കിയ ഉപദേശം. ഒപ്പം ചെക്കനേയും ചെക്കന്റെ അച്ഛന്‍ കസ്തൂരി രാജയും വിളിച്ചു പ്രാസമൊപ്പിച്ചു പഞ്ച് ഡയലോഗ് പറഞ്ഞു. കാര്യം ദേശീയ അവാര്‍ഡ് നേടിയ നടനാണെങ്കിലും ചെക്കന്‍ വിരണ്ടു. കാരണം അമ്മായപ്പന്‍ " ഒരു തടവൈ സൊന്നാല്‍ അത് നൂറ്തടവൈ സൊന്നമാതിരിയാണ്":. ധനുഷിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ 'കോളീവുഡിലെ തല്ലിപ്പൊളി'യായ ചിമ്പു ' ലവ് ആന്‍ന്തം' എന്ന ആല്‍ബം ഒരുക്കി. സംഭവം ചിമ്പുവിന്റെ സിനിമപോലെതന്നെ എട്ടു നിലയില്‍ പൊട്ടി എന്നത് വാസ്തവം. ടി രാജേന്ദ്രന്റെ മകന് ധനുഷിനോടുള്ള പക ഐശ്വര്യയെ കെട്ടിയനാള്‍ മുതല്‍ തുടങ്ങിയതാണ്‌. തമിഴ് സിനിമയുടെ താരരാജവിന്റെ മകളുടെ മേല്‍ ചിമ്പുവിന് പണ്ടേ ഒരു കണ്ണുണ്ടായിരുന്നു. രജനി സമ്മതിച്ചില്ല. സിംഹത്തോടാണോ കുറുക്കന്റെ കളി ... അല്ലാ പിന്നെ..!

സംഗതികള്‍
ഇങ്ങനെയൊക്കെയാണെങ്കിലും അഹമ്മദാബാദ് ഐ ഐ എമ്മില്‍ ക്ലാസ്സെടുക്കാന്‍ ധനുഷിനെ ക്ഷണിച്ചതായാണ് ഒടുവിലത്തെ വിവരം. ധനുഷിനെയും ബന്ധുവും 'കൊലവെറിയുടെ' സംഗീത സംവിധായകനുമായ അനിരുധിനെയുമാണ് ക്ലാസ്സെടുക്കാന്‍ ക്ഷണിച്ചിട്ടുള്ളത്. സൈബര്‍ സ്പൈസിലെ കച്ചോടമാണ് വിഷയം. 'വൈറല്‍ മാര്‍ക്കറ്റിംഗ് ആന്റ് സോഷ്യല്‍ മീഡിയ' എന്നും പറയും.

എന്നാണാവോ നമ്മുടെ സന്തോഷ്‌ പണ്ഡിറ്റിനെ ഇതേ വിഷയത്തില്‍ ക്ലാസ്സെടുക്കാന്‍ കോഴിക്കോട് ഐ ഐ എം ക്ഷണിക്കുക.

Saturday, January 14, 2012

വില്‍ക്കാനുണ്ട് താരങ്ങള്‍


പ്രാദേശിക ഭാഷാചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ളത് തമിഴ് ചിത്രങ്ങള്‍ക്കാണ്. സിങ്കപ്പൂരും മലേഷ്യയും തായ് ലാന്റും എന്തിനേറെ തമിഴരുള്ള ലോകത്തിന്റെ എല്ലായിടത്തും തമിഴ്ചിത്രങ്ങള്‍ പണം വാരുന്നു. 'നന്‍ബനി'ലൂടെ ഫ്രഞ്ച് സബ് ടൈറ്റിലുകളുമായി ഫ്രാന്‍സിലും തമിഴ് സിനിമ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. കോടികള്‍ കിലുങ്ങുന്ന കോളീവുഡിലെ താരരാജാക്കന്മാര്‍ ആരെല്ലാം?. 'എല്ലാവരും ഒപ്പത്തിനൊപ്പമെന്ന്' പറയുമ്പോഴും താരനിരയില്‍ ഒന്നാമനും രണ്ടാമനും എല്ലാമില്ലേ... അവരെ കണ്ടെത്തുകയാണ് ഇവിടെ. 'തമിഴ് തിരൈ ഉലകിലെ' താര വില വിവരപ്പട്ടിക. ഏഷ്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 'സ്റ്റയില്‍ മന്നന്‍' രജനീകാന്തിനെയും ഇഷ്ട്ടപ്പെട്ട വേഷം ചെയ്യാന്‍ പ്രതിഫലം നോക്കാത്ത കമല്‍ ഹാസ്സനെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
തമിഴകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം, അതേ... സൂര്യതന്നെ. പരമാവധി വിജയ സാധ്യതയും, നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനവുമുള്ള നടനും സൂര്യതന്നെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി തന്റെ സ്ഥാനം സൂര്യ നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കെ.വി. ആനന്ദിന്റെ പുതിയ ചിത്രം 'മാട്രാനില്‍' അഭിനയിക്കാന്‍ സൂര്യ കൈപ്പറ്റിയ പ്രതിഫലം 20 കോടി രൂപയാണ്. കോളീവുഡ് ഏറ്റവും വിശ്വാസമര്‍പ്പിക്കുന്ന വിജയക്കൂട്ടുകെട്ട് സൂര്യ- ഗൗതം മേനോന്‍ സഖ്യമാണ്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവില്‍ 'മങ്കാത'യിലൂടെ വന്‍ തിരിച്ചുവരവ്‌ നടത്തിയ 'അള്‍ട്ടിമേറ്റ് സ്റ്റാര്‍' അജിത്താണ് പ്രതിഫലക്കാര്യത്തില്‍ രണ്ടാമന്‍...,.. 19 കോടിയാണ് അജിത്തിന്റെ പ്രതിഫലം. സംവിധായകരുമായും സാങ്കേതിക പ്രവര്‍ത്തകരുമായും ആസ്വാദകരുമായും അജിത്തിനുള്ള ബന്ധമാണ് താരത്തിളക്കം മങ്ങാതെകാത്തത്. ഫാന്‍സ്‌ അസോസിയേഷന്‍ പിരിച്ചുവിട്ടെങ്കിലും അജിത്തിന് എപ്പോഴും വന്‍ ആരാധകവൃന്ദമുണ്ട്. ഇളയ ദളപതി വിജയുടെ പ്രതിഫലം 15 - 18 കോടി രൂപയാണ്.
താരങ്ങള്‍ക്ക് തുല്യം പ്രതിഫലം പറ്റുന്ന സംവിധായകരുമുണ്ട് തമിഴകത്ത്. ഷങ്കര്‍ തന്നെ ഇവരില്‍ ഒന്നാമന്‍..,. 15 കോടിയാണ് ഷങ്കറിന്റെ പ്രതിഫലം. 'നന്‍ബന്‍' ചിത്രത്തില്‍ വിജയ്ക്ക് തുല്യമായ പ്രതിഫലമാണ് ഷങ്കര്‍ വാങ്ങിയത്. നായകന്‍മാര്‍ക്കൊപ്പം ആടിയും പാടിയും നടക്കുന്നുണ്ടെങ്കിലും നടിമാര്‍ക്ക് കാര്യമായ പ്രതിഫലമൊന്നും ഇല്ല. പ്രതിഫലക്കണക്കില്‍ 'ബംഗാളി ബ്യൂട്ടി' റിച്ച ഗംഗോപാധ്യായയാണ് മുന്നില്‍..,. ' മയക്കം എന്ന ', ' ഓസ്തി ' എന്നെ ചിത്രങ്ങള്‍ റിച്ചയുടെ കരിയര്‍ ഗ്രാഫുയര്‍ത്തി. ,. 70 ലക്ഷം. മീരാ ജാസ്മിന്‍, നയന്‍താര, അസിന്‍ എന്നീ മലയാളി നടികള്‍ അടക്കിവാണ തമിഴകത്ത് ഇപ്പോഴുള്ള 'വിലയേറിയ' മലയാളി താരം അമല പോള്‍ ആണ്.

താരങ്ങളും പ്രതിഫലവും.
നായകന്മാര്‍ ( തുക കോടിയില്‍ )
സൂര്യ 20 കോടി
അജിത്ത് 19 കോടി
വിജയ്‌ 15 - 18 കോടി
വിക്രം 10 കോടി
കാര്‍ത്തി 7-9 കോടി
ധനുഷ് 7 കോടി
സിമ്പു 6 കോടി
വിശാല്‍ 6 കോടി
ആര്യ 3 കോടി
ജയം രവി 2.5 - 3.5 കോടി
മാധവന്‍ 2 - 3 കോടി
ജീവ 2 - 2.5 കോടി

സംവിധായകര്‍ ( തുക കോടിയില്‍ )
ഷങ്കര്‍ 15 കോടി
എ.ആര്‍... .മുരുഗദോസ് 12 കോടി
ലിങ്കുസ്വാമി 5 കോടി
ബാല 5 കോടി
അമീര്‍ സുല്‍ത്താന്‍ 4 കോടി
കെ.എസ്.രവികുമാര്‍-- -3 കോടി
കെ.വി ആനന്ദ് 3-4 കോടി
സെല്‍വ രാഘവന്‍ 3-5 കോടി
ഗൗതം മേനോന്‍ 5-7 കോടി
ശശി കുമാര്‍-- ---- 2- 3 കോടി
വെങ്കിട്ട് പ്രഭു 2.5- 3 കോടി
വെട്രിമാരന്‍ 2 കോടി
ഹരി 2 കോടി
മിഷ്ക്കിന്‍ 2 കോടി
എ എല്‍ വിജയ്‌ 2-2.5 കോടി

നടിമാര്‍ ( തുക ലക്ഷത്തില്‍ )
റിച്ച ഗംഗോപാധ്യായ 75 ലക്ഷം
അനുഷ്ക 70 ലക്ഷം
തമന്ന 60 ലക്ഷം
തൃഷ 70 ലക്ഷം
ഹന്‍സിക 30 ലക്ഷം
അമല പോള്‍ 40 ലക്ഷം
സമീരാ റെഡഡി 45 ലക്ഷം
കാജല്‍ അഗര്‍വാള്‍ 45-50 ലക്ഷം
ഇല്യാന 60-70 ലക്ഷം
ശ്രുതി ഹാസ്സന്‍ 40 ലക്ഷം

Saturday, January 7, 2012

നല്ല സിനിമക്കു വേണ്ടിയുള്ള യുദ്ധങ്ങള്‍



'മിഴകത്തെ ഉന്മാദിയായ സംവിധായകന്‍.' മിഷ്ക്കിനെ ഒറ്റവാക്കില്‍ അങ്ങിനെ വിശേഷിപ്പിക്കാം. വ്യത്യസ്തമായ കഥാഖ്യാന ശൈലികൊണ്ടും വൈകാരിക തീവ്രമായ മുഹൂര്‍ത്തങ്ങള്‍ കൊണ്ടും ഒറ്റവാക്കില്‍ ഉത്തരം തരാത്ത ബിംബങ്ങള്‍ കൊണ്ടും മിഷ്ക്കിന്‍ തമിഴ് 'സിനിമയുടെ നവതരംഗത്തില്‍' വേറിട്ട്‌ നില്‍ക്കുന്നു. സങ്കീര്‍ണ്ണമായ മനുഷ്യമനസ്സിന്റെയും അതിലെ വിഭ്രാന്തികളുടെയും ക്യാമറയെ സാക്ഷ്യങ്ങള്‍ തീര്‍ത്ത മിഷ്ക്കിനെ കോളീവുഡ് ' സംവിധായക ജീനിയസ് ' എന്നാണ് വിളിക്കുന്നത്‌. സൂപ്പര്‍താരബിംബളുടച്ച് തമിഴ് സിനിമ നല്ല സിനിമയുടെ നടപ്പാതതീര്‍ത്തപ്പോള്‍ മിഷ്ക്കിന്‍ തന്റെതായ ഇടം നേടിയെടുത്തു. 'ജീവിതത്തിലും സിനിമയിലും ഞാന്‍ ഒരു റിബലാണ്' മിഷ്ക്കിന്‍ സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങിനെയാണ്. 2006_ ല്‍ ആദ്യചിത്രം 'ചിത്തിരം പേശുതടി'. ആ ചിത്തിരം ( ചിത്രം) പേശിയത് (പറഞ്ഞത് ) തമിഴ് പേശും പടങ്ങള്‍ക്ക് അതുവരെ അപരിചിതമായിരുന്ന ഒരു പ്രണയ കഥയായിരുന്നു. തുടര്‍ന്ന് 'അന്‍ജാതെ', 'നന്ദലാല', 'യുദ്ധം സെയ്' എന്നീ ചിത്രങ്ങള്‍. ഓരോ ചിത്രവും മിഷിക്കിന്‍ എന്ന സംവിധായകന്റെ മികവിന്റെ കൈയ്യൊപ്പ് പതിഞ്ഞവ. സങ്കീര്‍ണമായ, വ്യത്യസ്തമായ, കമ്പും കരുത്തുമുള്ള പ്രമേയങ്ങള്‍ ഒരേ സമയം വന്‍ബോക്സ് ഓഫീസ് വിജയത്തിനും ഉയര്‍ന്ന കലാമൂല്യമുള്ള സര്‍ഗ്ഗസൃഷ്ട്ടിക്കും യോജിച്ചവിധത്തില്‍ മിഷ്ക്കിന്‍ സിനിമകളാക്കി. മലയാളിതാരം നരേന് തമിഴില്‍ മേല്‍വിലാസമുണ്ടാക്കി കൊടുത്തത് മിഷ്ക്കിനാണ്. മിക്കപ്പോഴും താര സാമ്രാട്ടുകളുടെ പേരില്‍ മാത്രം ചിത്രങ്ങള്‍ അറിയപ്പെടുന്ന തമിഴ് തിരൈ ഉലകില്‍ മിഷ്ക്കിന്‍ തന്റെ പേരുകൊണ്ട് മാത്രം കാണികളെ ആകര്‍ഷിക്കുന്നു.

ചോദ്യം: തമിഴ് സിനിമ ഒരു മാറ്റത്തിന്റെ വഴിയിലാണ്. ആ വഴിമാറി സഞ്ചാരികളില്‍ ഒരാള്‍ എന്ന നിലയില്‍ മിഷ്ക്കിന്‍ എങ്ങിനെ സ്വയം അടയാളപ്പെടുത്തുന്നു.

മിഷ്ക്കിന്‍: മഹാ സന്ദേശങ്ങള്‍ നല്‍കാനല്ല ഞാന്‍ സിനിമ ചെയ്യുന്നത്. തിരുവയ്യാരും അവ്വയാരും ഇതെല്ലാം ചെയ്തിട്ടുണ്ട്. മനുഷ്യനില്‍ സമൂലമായ മാറ്റമുണ്ടാക്കാനൊന്നും സിനിമകൊണ്ട് സാധിക്കില്ല. പക്ഷെ അവന്റെയുള്ളിലെ ചില മാനുഷീക വശങ്ങളെ സ്പര്‍ശിക്കാന്‍ സിനിമകൊണ്ട് കഴിയും. ഞാന്‍ ഒരു കഥപറച്ചിലുകാരനാണ്. എന്‍റെയുള്ളിലുള്ള, ഞാന്‍ പറയാന്‍ കൊതിക്കുന്ന കഥകള്‍ സിനിമയാക്കുന്നു. ആത്മാര്തവും ഉള്ളില്‍ തട്ടുന്ന വിധത്തിലും പറയാന്‍ ശ്രമിക്കുന്നു. സിനിമ ഒരു മാധ്യമമാണ് അതിലേറെ ഒരു കലാരൂപമാണ്‌ അതുകൊണ്ട് അതിനോട് പരമാവധി സത്യസന്ധത പുലര്‍ത്താന്‍ ശ്രമിക്കുന്നു. കാരണം അതിനൊരു നേരുണ്ട്. ജീവന്റെ നേര്.
സെമി റിയലിസ്റ്റിക് സിനിമകള്‍ ചെയ്യാനാണ് എനിക്കിഷ്ട്ടം. ഭാവനയും യാഥാര്‍ത്യവും ഇഴചേര്‍ന്ന ചിത്രങ്ങള്‍. കാഴ്ച്ചക്കാരന്റെ ആസ്വാദനത്തെ ആഴത്തില്‍ സ്പര്‍ശിക്കണം. സിനിമകണ്ടിറങ്ങുന്ന ആളുകള്‍ ' ആ കുഴപ്പമില്ല ' എന്ന്മാത്രം പറയുകയാണെങ്കില്‍ അതൊരു അപമാനമായാണ്‌ എനിക്ക് തോന്നാറ്. ഒന്നുകില്‍ നല്ലത്, അല്ലെങ്കില്‍ മോശം. ഇതേ ഉള്ളൂ. എഴുത്താണ് എന്‍റെ കരുത്ത്. മറ്റുള്ളവര്‍ നടന്നു തേഞ്ഞ വഴിയിലൂടെ നടക്കാന്‍ എനിക്ക് ആഗ്രഹമില്ല.

ചോദ്യം: ആദ്യ ചിത്രം 'ചിത്തിരം പേശുതടി ' എങ്ങിനെയാണ് യാഥാര്ത്യമായത്?

മിഷ്ക്കിന്‍: സഹ സംവിധായകനായിരിക്കെ ഒരുപാട് തിരക്കഥയെഴുതിയിരുന്നു. പക്ഷെ സ്വന്തം സിനിമ എന്ന സ്വപ്നം യാഥാര്ത്യമാകണമെങ്കില്‍ ചില കച്ചവട നിയമങ്ങള്‍ നമ്മള്‍ പാലിക്കണമെന്ന് വൈകാതെ മനസ്സിലായി. പാട്ട്, പ്രണയം, ഫൈറ്റ് ഇതൊക്കെയാണ് എല്ലാ നിര്‍മ്മാതാക്കളുടെയും ആശങ്ക. എന്‍റെ ആശയങ്ങള്‍ക്ക് കാര്യമായി കോട്ടം തട്ടാതെ, നിര്‍മ്മാതാക്കളുടെ ഇഷ്ട്ടങ്ങള്‍ കൂടി പരിഗണിച്ച് ഞാന്‍ ' ചിത്തിരം പേശുതടി' ഒരുക്കി. ആദ്യം തൃശൂരില്‍ പോയി നരേനോട് കഥപറഞ്ഞു. പിന്നെ ഭാവനയെ നായികയാക്കി നിശ്ചയിച്ചു. റിലീസിംഗ് വലിയ വെല്ലുവിളിയായിരുന്നു. ആദ്യ പത്ത് ദിവസം വിരലിലെണ്ണാവുന്ന ആളുകളെ പടം കാണാനുണ്ടായിരുന്നുള്ളൂ. ഒരു പ്രണയകഥ എങ്ങിനെ തീര്‍ത്തും വ്യത്യസ്തമാക്കാം എന്ന പരീക്ഷണമായിരുന്നു ' ചിത്തിരം പേശുതടി ' . ആ പരീക്ഷണം വിജയിച്ചു.

ചോദ്യം: താങ്കളൊരു കടുംപിടുത്തക്കാരനായ സംവിധായകനാണെന്ന് കേട്ടിട്ടുണ്ട്. എങ്ങിനെയാണ് സിനിമയുടെ നിര്‍മ്മാണം?

മിഷ്ക്കിന്‍: കടുംപിടുത്തമൊന്നുമില്ല. ആ.. പക്ഷെ എല്ലാം കൃത്യമായി നടക്കണം എന്ന നിര്‍ബന്ധമുണ്ട്. ഒരു ചിത്രവും എഡിറ്റിംഗ് ടെബിളിലല്ല ഉണ്ടാകുന്നത് സംവിധായകന്റെ മനസ്സിലാനെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഷൂട്ടിങ്ന് മുന്‍പ് സ്ക്രിപ്റ്റ് പൂര്‍ണ്ണമായിരിക്കും. പിന്നെ എല്ലാ നടീ നടന്‍മാരെയും ഉള്‍പ്പെടുത്തി കുറച്ച് നാള്‍ റിഹേഴ്സല്‍ നടത്തും. ഇത്ര വലിയ നടനാണെങ്കിലും റിഹേഴ്സലിനുവരണം ആ കാര്യത്തില്‍ എനിക്ക് കടുംപിടുത്തമുണ്ട്. റിഹേഴ്സല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. ഷൂട്ടിംഗ് ലൊക്കേഷനനുസരിച്ച് സ്ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തും. എന്‍റെ സിനിമയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യാത്ത വിധത്തില്‍ നിര്‍മ്മാതാക്കള്‍ക്കുവേണ്ടി ചെറിയ ചില മാറ്റങ്ങള്‍ വരുത്താറുണ്ട്.


ചോദ്യം: താങ്കളുടെ സിനിമകളില്‍ ഒരുപാട് ടോപ്‌ ആംഗിള്‍ ഷോട്ടുകള്‍ ഉണ്ട്. ഭൂമിയിലെ ജീവിതത്തെ നോക്കിക്കാണുന്ന ദൈവത്തിന്റെ കണ്ണുകള്‍ പോലെ ക്യാമറയുടെ കാഴ്ച്ചാ രീതി. ഇത്‌ ബോധപൂര്‍വമാണോ ?

മിഷ്ക്കിന്‍: അതെ. ടോപ്‌ ആംഗിള്‍ ഷോട്ടുകളുടെ കാര്യത്തില്‍ ഞാന്‍ ഏറെ ശ്രദ്ധാലുവാണ്. സ്രഷ്ട്ടാവിന്റെ കാഴ്ച പോലെ.

ചോദ്യം: ഒരുപാട് ജോലികള്‍ ( 72 ലേറെ തൊഴിലുകള്‍ ) ചെയ്ത ശേഷമാണല്ലോ സിനിമയിലെത്തുന്നത്.

മിഷ്ക്കിന്‍: അതെ അതെ. ചെട്ടിനാട് എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്സില്‍ ബിരുദം നേടി. മാര്‍കറ്റിങ്ങ്, കേറ്ററിംഗ്, ടി-ഷര്‍ട്ട്‌ വില്‍പ്പന തുടങ്ങി പലവേഷങ്ങള്‍ ജീവിതത്തില്‍ കെട്ടി. അങ്ങിനെ ഇരിക്കെ ഒരുദിവസം സിനിമ പഠിക്കണം എന്ന മോഹമുദിച്ചു. വീട്ടില്‍ പറഞ്ഞപ്പോള്‍ കുറച്ചുപേര്‍ കളിയാക്കി കുറച്ച് പേര്‍ നിരുത്സാഹപെടുത്തി പിന്നെയും കുറച്ചുപേര്‍ വഴക്കുപറഞ്ഞു. പക്ഷെ സിനിമ എന്നെ വല്ലാതെ സ്വാധീനിച്ചു കഴിഞ്ഞിരുന്നു. ലാന്‍ഡ്‌ മാര്‍ക്ക്‌ പുസ്തകശാലയില്‍ ജോലിക്കുനില്‍ക്കുകയാണ് ആദ്യം ചെയ്തത്. അവിടെയുള്ള സിനിമാ പുസ്തകങ്ങളെല്ലാം വായിച്ചു തീര്‍ത്തു. പിന്നെ സഹ സംവിധായകനായി നിന്നു. ജീവിതത്തിലും സിനിമയിലും ഒരു റിബലായിരിക്കനാണ് എനിക്കിഷ്ട്ടം.

ചോദ്യം: കുറസോവയെ മിഷ്ക്കിന്‍ ഒരുപാട് ആരാധിക്കുന്നു അല്ലേ..?

മിഷ്ക്കിന്‍ : ആരാധനയല്ല പ്രചോദനമാണ്. മറ്റുള്ളവര്‍ ഒരു കളിയാക്കലായിട്ടാണോ അതോ പ്രശംസയായിട്ടാണോ പറയുന്നത് എന്നറിയില്ല. പക്ഷെ ഞാന്‍ അതൊരു പ്രശംസയായിട്ടാണ് കാണുന്നത്. രണ്ട് സംവിധായകരുടെ കീഴില്‍ സിനിമ പഠിച്ചിട്ടുണ്ടെങ്കിലും കുറസോവയെയാണ് ഞാന്‍ ഗുരുവായി കാണുന്നത്. എന്‍റെ പ്രിയ കുറസോവാചിത്രം ' സെവന്‍ സമുറായ്' ആണ്. ഞാന്‍ ആയിരത്തിലേറെ തവണ ആ ചിത്രം കണ്ടിട്ടുണ്ട്. ഇനി ഒരു ലക്ഷത്തിലേറെ തവണ ഞാന്‍ ആ ചിത്രം കാണും. എല്ലാവരും വാഴ്ത്തുന്ന ഒരു ക്ലാസ്സിക്ക് സിനിമ ഒരു പാട് കണ്ടു എന്ന ഗമ പറയുകയല്ല. ഞാന്‍ ഒറ്റയിരിപ്പിന് കണ്ടു തീര്ക്കാറുമില്ല. ചെറിയ ചെറിയ ക്ലിപ്പിങ്ങുകളായാണ് ഞാന്‍ കാണാറ്. ഓരോ തവണ കാണുമ്പോഴും ഒരു ചെറിയ സീന്‍ പോലും ഒരുപാട് പുതിയ കാര്യങ്ങളാണ് എന്നെ പഠിപ്പിക്കുന്നത്‌.

ഒരു ചിത്രത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, തിരക്കഥയെഴുമ്പോള്‍ കുറസോവ എന്‍റെ അരികെ ഇരിക്കുന്നതായി തോന്നും. എങ്ങിനെ എഴുതണം, എങ്ങിനെ ഷോട്ടുകള്‍ കട്ട് ചെയ്യണം, എങ്ങിനെ കമ്പോസ് ചെയ്യണം, എന്തായിരിക്കണം പശ്ചാത്തല സംഗീതം എന്നെല്ലാം അദ്ദേഹം എനിക്ക് പറഞ്ഞു തരും.

ചോദ്യം: ഈ മുറി നിറയെ പുസ്തകങ്ങളാണല്ലോ... വായനാനുഭവങ്ങള്‍ പറയാമോ?

മിഷ്ക്കിന്‍: ഞാന്‍ വളരെ കുറച്ച് സിനിമകളെ കണ്ടിട്ടുള്ളൂ. ഒരുപാട് ക്ലാസ്സിക്ക് സിനിമകള്‍ കണ്ട തഴക്കം എനിക്കില്ല. ഒരു പക്ഷെ അതെന്റെ പോരായ്മയായിരിക്കാം. പക്ഷെ എന്‍റെ ജീവിതത്തെ എന്നും സമ്പന്നമാക്കുന്നത്‌ പുസ്തകങ്ങളാണ്. ലാന്‍ഡ്‌ മാര്‍ക്ക് പുസ്തകക്കടയില്‍ ജോലി ചെയ്തിരുന്നപ്പോഴാണ് വായനയുടെ ലോകത്തേക്ക് വരുന്നത്. ഞാന്‍ ഒരു തമിഴ് മീഡിയം വിദ്യാര്‍ഥിയായിരുന്നു. ഇംഗ്ലീഷ് ശരിയായി അറിയാത്തതിന്റെ അപഹര്‍ഷതാ ബോധം എനിക്കുണ്ടായിരുന്നു. ഇംഗ്ലീഷ് പഠിക്കാനാണ് ഞാന്‍ പുസ്തക വായന ആരംഭിച്ചത്. ആദ്യം വായിച്ചത് റ്റോള്‍സ്റ്റോയിയെ ആയിരുന്നു. ദസ്തെവ്സ്ക്കി വായിച്ചതാണ് എന്‍റെ ജീവിതത്തിന് ഒരു പുതു ദിശ നല്‍കിയത്. മനുഷ്യ ജീവിതത്തിന്റെ ഇരുട്ടും വെളിച്ചവും ഞാന്‍ അറിഞ്ഞു. വേദനകള്‍ തുറക്കുന്ന ഉയിര്‍പ്പിന്റെ കവാടങ്ങള്‍ കണ്ടു. വായന എന്‍റെ ജീവിതത്തിന്റെ ഭാഗമല്ല. ജീവിതം തന്നെയാണ്. വായിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്‍റെ അറിവില്ലായ്മയെക്കുറിച്ച് ഞാന്‍ അറിയാന്‍ തുടങ്ങിയത്. എന്‍റെ തിരക്കഥാ രചനകളെ വായന ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. 250 പേജ് സ്ക്രിപ്റ്റിന് 15000 പേജ് ഞാന്‍ എഴുതണം. പിന്നെ അത് വെട്ടിയൊതുക്കി 250 പേജാക്കണം. ഇത്രയുമെഴുതാന്‍ ചുരുങ്ങിയത് 1500000 പേജെങ്കിലും വായിക്കണം. എഴുത്തുകാരനാകാനാണ് ഞാന്‍ സിനിമയില്‍ വന്നത്. ഒരു നല്ല സംവിധായകന്‍ ഒരു നല്ല വായനക്കാരനുമായിരിക്കണമെന്ന കുറസോവയുടെ വാക്കുകളാണ് ഇവിടെയും എന്‍റെ വെളിച്ചം.

ചോദ്യം: മലയാള സിനിമ ഒരുകാലത്ത് സഞ്ചരിച്ചിരുന്ന വഴിയിലൂടെയാണ് ഇന്ന് തമിഴ് സിനിമ കടന്ന് പോകുന്നത് എന്ന വിലയിരുത്തലുകളുണ്ട്. മലയാള സിനിമകളുമായുള്ള ബന്ധമെങ്ങിനെ...

മിഷ്ക്കിന്‍: എന്‍റെ ഓര്‍മ്മളുടെ ഫ്രെയ്മിനെ സമ്പന്നമാക്കുന്നത് ചില മലയാള സിനിമകളാണ്. കുട്ടിക്കാലത്ത് ദൂരദര്‍ശനില്‍ ഒരുപാട് മലയാള സിനിമകള്‍ കണ്ടിട്ടുണ്ട്. മിക്കതിന്റെയും പേരോര്‍മ്മയില്ല. സത്യന്‍ മാഷിന്റെ ഒരു ചിത്രം കണ്ട് ഭാഷയറിയില്ലെങ്കിലും ഞാന്‍ കുറേ കരഞ്ഞതോര്‍മ്മയുണ്ട്. ചെമ്മീന്‍, വൈശാലി എന്നീ ചിത്രങ്ങള്‍ എന്‍റെ എക്കാലത്തെയും പ്രിയ ചിത്രങ്ങളാണ്. ചെമ്മീന്‍ ഞാന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ദസ്തേവിസ്ക്കിയെപ്പോലെ ഞാന്‍ ബഹുമാനിക്കുന്ന എഴുത്തുകാരനാണ്‌ തകഴി. ഒരു വലിയ എഴുത്തുകാരനാകാന്‍ വേണ്ടി സാഹിത്യ സൃഷ്ട്ടികള്‍ നടത്തിയ ഒരാളല്ല തകഴി. മറിച്ച് താന്‍ ജീവിച്ച സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് ആ രചനകളില്‍ ഉണ്ടായിരുന്നത്. അങ്ങിനെയാണ് അദ്ദേഹം മഹാനായ എഴുത്തുകാരനായതും.തകഴി ഉള്‍പ്പെടെ എത്രയോ എഴുത്തുകാര്‍ മണ്ണിന്റെ മണമുള്ള കഥകള്‍ മലയാളസിനിമയ്ക്കായി ബാക്കിവെച്ചിട്ടുണ്ട്. അവ അതുപോലെ പകര്‍ത്തണം എന്നല്ല. ആ കഥകള്‍ പങ്കുവെയ്ക്കുന്ന മലയാളി സ്വത്വമാണ്‌ നാം കാണേണ്ടത്. പക്ഷെ ഒരു കാര്യം പറയട്ടെ ഇന്നത്തെ മലയാള സിനിമയെക്കുറിച്ച് എനിക്ക് കാര്യമായ അഭിപ്രായമില്ല. മമ്മൂട്ടിയുടെ ഒരു സി.ബി.ഐ സിനിമയാണ് അവസാനമായി കണ്ടത്. ഉള്ളത് പറയണമല്ലോ ഒരു തല്ലിപ്പൊളി പടം. അതോടെ മലയാളസിനിമ കാണുന്നത് നിര്‍ത്തി.

ചോദ്യം: മലയാള സിനിമയുടെ സുവര്‍ണ്ണകാലത്തെ സ്നേഹിക്കുന്ന വ്യക്തിയായതിനാല്‍ ചോദിക്കട്ടെ, ആരാണ് മലയാളത്തിലെ ഇഷ്ട്ട സംവിധായകന്‍?

മിഷ്ക്കിന്‍: എന്‍റെ ജീവിതത്തെ സ്വാധീനിച്ച മൂന്ന് സംവിധായകരാണുള്ളത് കുറസോവ, റ്റകേഷി കിറ്റാനോ... പിന്നെ ഒരേ ഒരു ഭരതന്‍. സെല്ലുലോയ്ഡിലെ 'ഭരത'സ്പര്‍ശങ്ങളിലൂടെയാണ് ഞാന്‍ നിറങ്ങളെ പ്രണയിക്കാന്‍ തുടങ്ങിയത്. ' തേവര്‍ മകനാണ്' എന്‍റെ പ്രിയ ഭരതന്‍ ചിത്രം. 'തേവര്‍ മകനെ' ഒരു 'നായര്‍ മകനായി' വേണമെങ്കില്‍ കാണാമെങ്കിലും ശരിക്കും മഹത്തായ ഒരു സിനിമയാണത്. മധുരയിലെ തേവര്‍ സമുദായത്തിന്റെ ജീവിതം ഇത്ര പച്ചയായും ചേതോഹരമായും എങ്ങിനെ ദൃശ്യവല്‍ക്കരിക്കാന്‍ കഴിഞ്ഞു എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ഒരു തമിഴ് സംവിധായകന് കഴിയുമോ എന്ന് സംശയമാണ്. എല്ലാ അതിരുകള്‍ക്കും അപ്പുറം ജീവിതത്തിന്റെ തനിമ കണ്ടെടുക്കാന്‍ കഴിയുക എന്നതാണ് ഒരു യഥാര്‍ത്ഥ കലാകാരന്റെ വിജയം.
നന്ദലാല എന്ന ചിത്രത്തില്‍ ഞാന്‍ ഭരതന്റെ ഒരു ഷോട്ട് അതുപോലെ തന്നെ ഉപയോഗിച്ചിട്ടുണ്ട്. തേവര്‍ മകനില്‍ ഇരു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒരു ലോങ്ങ്‌ ഷോട്ടില്‍ ചിത്രീകരിച്ചിട്ടുണ്ട്. നന്ദലാലയിലും അതുപോലെ ഒരു ഷോട്ട് ഞാന്‍ ഭരതനോടുള്ള ആരാധനയാല്‍ ഉള്‍പ്പെടുത്തി. ആ ഷോട്ട് എടുക്കുന്നതിനു മുന്‍പ് ഞാന്‍ എന്‍റെ ക്രൂവിനോട് വളരെയേറെ വൈകാരികമായി സംസാരിച്ചു. ആ ഷോട്ടും ഞാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, ഭരതനെന്ന മഹാനായ സംവിധായകനെക്കുറിച്ച്... അത് ഞാന്‍ കാണാത്ത എന്‍റെ ഗുരുവിനുള്ള സമര്‍പ്പണമാണെന്ന് പറഞ്ഞു. സാധാരണ ഷൂട്ടിംഗ് വളരെ വേഗത്തില്‍ തീര്‍ക്കുന്ന ഒരാളാണ് ഞാന്‍ പക്ഷെ, അന്നത്തെ ദിവസം ഞാന്‍ ആ ഒരു ഷോട്ടേ എടുത്തുള്ളൂ. എത്ര ചിത്രീകരിച്ചിട്ടും പോര എന്ന തോന്നല്‍. ഭരതനെ ഓര്‍ത്ത് എനിക്ക് മലയാളികളോട് അസൂയ തോന്നാറുണ്ട്.
( മിഷ്ക്കിന്‍ എന്‍റെ കൈകളില്‍ മുറുകെ പിടിച്ചു. ' പോലീസിന്റെ'കൂളിംഗ് ഗ്ലാസ്സുകള്‍ എടുത്തുമാറ്റി മുഖം തുടച്ചപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നത് കാണാമായിരുന്നു.)

( കൂടുതല്‍ വിശദമായ വായനക്ക്: മാധ്യമം പുതുവര്‍ഷപ്പതിപ്പ് ...... )

Wednesday, December 28, 2011

സൂര്യ ഹൃദയം


കുറച്ച് നാള്‍ മുന്‍പ് സി.എന്‍.എന്‍ - ഐ.ബി.എന്‍ വാര്‍ത്താ ചാനല്‍ തെക്കിലെയും വടക്കിലെയും ഭാവിയുടെ താരങ്ങളെ തെരഞ്ഞെടുക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ബോളീവുഡില്‍ നിന്ന് ഹൃതിക് റോഷനും തെന്നിന്ത്യയില്‍ നിന്ന് സൂര്യയുമായിരുന്നു ചാനല്‍ കണ്ടെത്തിയ ഭാവിയുടെ താരങ്ങള്‍. പക്ഷെ ഹൃതിക്കിനെക്കാള്‍ അഭിനയശേഷിയില്‍ ഒരുപാടു മുന്നില്‍ സൂര്യയാണെന്ന വിലയിരുത്തലോടെയാണ് ആ അന്വേഷണം ചാനല്‍ അവസാനിപ്പിച്ചത്. ഹൃദയം തുറന്ന് സൂര്യ പങ്കുവെച്ച വിശേഷങ്ങളിലേക്ക്.

ചോദ്യം: 'ഏഴാമറിവ്' ദക്ഷിണേന്ത്യ മുഴുവന്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഹിന്ദിയില്‍ ചിത്രീകരിക്കാന്‍ ഒരുങ്ങുന്നു. ശരിക്കും ഇക്കഴിഞ്ഞ ദീപാവലിക്കാലം സൂര്യയ്ക്ക് ഒരു ആഘോഷം തന്നെയായിരുന്നു അല്ലേ?

സൂര്യ : എനിക്ക് 'ആണ്ടവനിലും''ആളുകളിലും' നല്ല വിശ്വാസമുണ്ട്‌. എന്‍റെ വിശ്വാസത്തെ അവര്‍ കാത്തു. പതിമൂന്ന് വര്‍ഷത്തെ എന്‍റെ അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ ഇങ്ങിനെയെല്ലാം സംഭവിക്കുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല. എല്ലാവരുടെയും സ്നേഹം എന്നെ ഇവിടെയെത്തിച്ചു. ദൈവം സഹായിച്ച് എന്‍റെ ഓരോ ചിത്രവും, ഓരോ കഥാപാത്രങ്ങളും വ്യത്യസ്ഥമായിരുന്നു. ആ വ്യത്യസ്ഥത ഞാന്‍ ആസ്വദിക്കുന്നു. എന്നിലെ നടനെ നിലനിര്‍ത്തുന്നു.

'സിങ്ക'മാണ് എന്‍റെ ഇതുവരെയുമുള്ള ഏറ്റവും വലിയ ഹിറ്റ്. എന്നാല്‍ സിങ്കത്തിനെ കളക്ഷന്‍ റെക്കോഡുകളെ റിലീസ് ചെയ്ത കുറച്ച് ദിവസങ്ങള്‍ കൊണ്ട് 'ഏഴാം അറിവ്' തിരുത്തിക്കുറിച്ചു. ഈ ചിത്രത്തിന് ചില കുറവുകള്‍ ഉണ്ടാകാം. ആ കുറവുകളുടെ ഉത്തരവാദിത്വം എനിക്കാണ്. ബോധിധര്‍മ്മനും അരവിന്ദനും' എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. ഇവരെ അവതരിപ്പിക്കാന്‍ ഞാന്‍ പരമാവധി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഷൂട്ടിങ്ങിനിടയില്‍ ചിത്രത്തിന് വേണ്ടി ചൈനീസ് ആയോധനമുറകള്‍ പഠിച്ചു. എന്‍റെ മറ്റ് സിനിമകളെ അപേക്ഷിച്ച് 'ഏഴാം അറിവ്' കഥാപരമായും ചിത്രീകരണ ശൈലിയിലും വ്യത്യസ്ഥമാണ്. അതുകൊണ്ട് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തെക്കുറിച്ച്‌ എല്ലാവരും പറഞ്ഞത്. വ്യക്തിപരമായി എനിക്ക് ഒരുപാട് നല്ല ഓര്‍മ്മകളും, അനുഭവവും സമ്മാനിച്ച ചിത്രമാണ് 'ഏഴാം അറിവ്'. ഈ സിനിമ എന്നെ കൂടുതല്‍ നല്ല തമിഴനാക്കി.

ചോദ്യം : കാര്‍ത്തി സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്തു കഴിഞ്ഞു. അനുജന്റെ ഈ വളര്‍ച്ചയെ ഇങ്ങിനെ കാണുന്നു?

സൂര്യ : കാര്‍ത്തി എന്‍റെ സ്വകാര്യ അഹങ്കാരമാണ്. എന്‍റെ കുഞ്ഞനുജന്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ ഒരുപാട് വഴക്കുകൂടിയിട്ടുണ്ട്. ഞാന്‍ അവനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. എനിക്ക് മറ്റുള്ളവരോടുള്ള ദേഷ്യവും ഭയവും കാര്‍ത്തിയെ തല്ലിയാണ് ഞാന്‍ തീര്‍ത്തിരുന്നത്‌. കുട്ടിക്കാലത്ത് എല്ലായിടത്തും തോറ്റുകൊണ്ടിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. എവിടെയെങ്കിലും ജയിക്കണമെന്ന തോന്നല്‍ വരുമ്പോള്‍ ഞാന്‍ കാര്‍ത്തിയെ തല്ലിതോല്‍പ്പിക്കാന്‍ ശ്രമിക്കും. അവന്‍ പാവം എന്നെ തിരിച്ച് തല്ലാന്‍ പറ്റാത്തതുകൊണ്ട് എല്ലാം നിന്ന് കൊള്ളും. എല്ലാം തീര്‍ന്ന് ഞാന്‍ എവിടെയെങ്കിലും ഇരിക്കുമ്പോള്‍ അവന്‍ അറിയാതെവന്ന് എന്നെ പിച്ചുകയും മാന്തുകയും ചെയ്യും. അവന്‍ പിച്ചിയതിന്റെ പാട് ഇപ്പോളും എന്‍റെ തോളിലുണ്ട്. ടാല്‍ക്കം പൌഡര്‍ കൊണ്ട് കോമ്പല്ലുകള്‍ വരച്ച് ചെകുത്താനെപ്പോലെ വേഷമിട്ട് രാത്രിയില്‍ അവനെ പേടിപ്പിക്കുമായിരുന്നു. അവന്‍ സിനിമയില്‍ വന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. എല്ലാവരും അവനെപ്പറ്റി പുകഴ്ത്തിപ്പറയുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നും. പക്ഷെ അവന്റെ സിനിമകള്‍ കാണുമ്പോള്‍ ഓരോ ഷോട്ടെടുക്കാനും എന്‍റെ അനുജന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളോര്‍ത്ത് എനിക്ക് സങ്കടം വരും. ഓരോ ഷോട്ടെടുക്കാനുമുള്ള ബുദ്ധിമുട്ടുകളും ചിത്രീകരണ സമയത്തെ കഷ്ട്ടപ്പാടുകളും എനിക്കറിയാവുന്നതിനാല്‍ അവനെയോര്‍ത്ത് എനിക്ക് സങ്കടം വരാറുണ്ട്. അവന്‍ വേദനിക്കുന്നത് എനിക്ക് സഹിക്കില്ല.

ചോദ്യം : അനുജനോട് ഇത്രയും സ്നേഹമുള്ള ഏട്ടനാണോ സൂര്യ...

സൂര്യ : എന്‍റെ കുട്ടിക്കാലത്തൊന്നും ഇങ്ങിനെയായിരുന്നില്ല എന്ന് പറഞ്ഞല്ലോ. അവന്‍ ഉപരിപഠനത്തിനായി യു.എസ്സില്‍ പോയപ്പോഴാണ് അവനെ ഞാന്‍ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത്. ആ അകല്‍ച്ചയായിരുന്നു ഞങ്ങളുടെ ബന്ധത്തെ മാറ്റിയെഴുതിയത്. അവനെ ഉപദ്രവിക്കുകയല്ലാതെ ഒരു ഏട്ടന്‍ എന്ന നിലയില്‍ സ്നേഹിച്ചിട്ടില്ല എന്ന കുറ്റബോധം എന്നെ വേട്ടയാടാന്‍ തുടങ്ങി. അവന്‍ നന്നായി പഠിക്കുമായിരുന്നു. സ്പോര്‍ട്സിലും പഠനത്തിലും അവന്‍ നേടിയ വിജയങ്ങളെ ഞാന്‍ ഒരിക്കലും അഭിനന്ദിച്ചിട്ടില്ല. ഒറ്റയ്ക്കിരിക്കുമ്പോള്‍ ഇതെല്ലാം ഓര്‍ത്തുള്ള വിഷമം താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് ചില ഫോണ്‍ വിളികള്‍ മാത്രം.
ഒരു ദിവസം ഞാന്‍ അവനൊരു കത്തെഴുതി. കണ്ണീരില്‍ കുതിര്‍ന്ന ഒരു കത്ത്. കുട്ടിക്കാലത്ത് വേദനിപ്പിച്ചതിനെല്ലാം മാപ്പുചോദിച്ചുകൊണ്ട് എന്‍റെയുള്ളിലെ സ്നേഹമറിയിച്ചുകൊണ്ട് ഒരു കത്ത്. തുടക്കത്തില്‍ ഒരുപാട് തവണ 'സോറി' എന്നെഴുതിയ ഒരു മറുപടി അവനില്‍ നിന്ന് എനിക്ക് കിട്ടി. അതിലെ വാക്കുകള്‍ ഇങ്ങിനെയായിരുന്നു.'" അതൊക്കെ കുട്ടിക്കാലത്തെ കാര്യങ്ങളല്ലേ, ഏട്ടന്‍ അതെല്ലാം ഇപ്പോഴും ഓര്‍ത്ത് വിഷമിക്കുകയാണോ? കുഞ്ഞുനാള്‍ മുതലേ ഏട്ടനാണ് എന്‍റെ റോള്‍ മോഡല്‍. ഏട്ടന്‍ തല്ലുമ്പോള്‍ ഏട്ടനെപ്പോലെയാകാണ് ഞാന്‍ തിരിച്ച് തല്ലിയിരുന്നത്. ഏട്ടന്‍ കുളിക്കാന്‍ പോകുമ്പോള്‍ ഞാന്‍ ഏട്ടന്റെ ഷര്‍ട്ടില്‍ കെട്ടിപിടിക്കുമായിരുന്നു. ഏട്ടന്‍ ഇടുന്ന അതേപോലുള്ള ഷര്‍ട്ടിടാന്‍ കാത്തുനില്‍ക്കുമായിരുന്നു.'". ഇതാണ് എന്‍റെ കാര്‍ത്തി.

ചോദ്യം : എങ്ങിനെയായിരുന്നു പ്രണയം...

സൂര്യ : ആദ്യം ഞങ്ങള്‍ക്കിടയില്‍ ചെറിയ പിണക്കങ്ങള്‍ പതിവായിരുന്നു. പിന്നെ നല്ല സുഹൃത്തുക്കളായി. 'നന്ദ' സിനിമയുടെ ട്രൈലര്‍ ടി.വിയില്‍ കണ്ട് ജ്യോതിക എന്നെ ഒരുപാട് തവണ വിളിച്ച് അഭിനന്ദിച്ചു. പിന്നീട് ആ അഭിനന്ദനങ്ങള്‍ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. " ചുരിദാര്‍ അണിഞ്ഞ സ്വര്‍ഗ്ഗമേ... നിന്നെ ഞാന്‍ പ്രണയിച്ചതെപ്പോഴെന്ന് എനിക്കറിയില്ല..." ഈ സിനിമാപാട്ട് പോലെയായിരുന്നു ഞങ്ങളുടെ പ്രണയവും. നോര്‍ത്ത് ഇന്ത്യന്‍ ജീവിതത്തെ അറിയാനും ആസ്വദിക്കാനും ജോയുമായുള്ള വിവാഹത്തിലൂടെ എനിക്ക് കഴിഞ്ഞു.

ചോദ്യം : ജ്യോതികയുടെ എന്ത് പ്രത്യേകതയാണ് സൂര്യക്ക് ഏറ്റവും ഇഷ്ട്ടം ?

സൂര്യ : എല്ലാം തുറുന്നു പറയുന്ന സ്വഭാവമാണ് ജോയുടെത്. ഒന്നും മനസ്സിലൊളിപ്പിച്ചുവയ്ക്കില്ല. തുറന്നു പറയും അത് എനിക്കിഷ്ട്ടമല്ലെങ്കില്‍ കൂടിയും.


( സൂര്യയുടെ വിശേഷങ്ങള്‍ കൂടുതല്‍ വായിക്കുക, കന്യക ക്രിസ്തുമസ് പതിപ്പില്‍ ..... )

Monday, February 7, 2011

" ടു ജി സ്പെക്ട്രമോ എന്തൂട്ടാണ്ട ശവ്യോളേ അത്...."

അരിയങ്ങാടിന്നു ലോകത്തിലെ ഏറ്റവും വലിയ ബസ്സ്റ്റന്റ്റുകളിലൊന്നായ ശക്തന്‍ സ്റ്റാന്റ്റിലേക്കു നടക്കുമ്പോഴാണ് പൊറിഞ്ചുവേട്ടനെ കണ്ടത്. പതിവ് ആവേശത്തോടെ പൊറിഞ്ചുവേട്ടന്‍ ചോദിച്ചു: "എന്തൂട്ടാണ്ടാ ഈ റ്റു-ജി സ്പെക്ട്രം?" സ്വരാജ് റൌന്ടിന്റ്റെ ഉള്ലോതുക്കത്തില്‍ കഴിയുമ്പോഴും ആസ്ട്രോഫിസിക്സും അതിനും അപ്പുറവും അറിയാന്‍ ശ്രമിക്കുന്ന തനി ത്രിശ്ശൂക്കാരന്റെ ഭാവമായിരുന്നു പൊറിഞ്ചുവേട്ടനപ്പോള്‍..തേക്കിന്‍കാട് മൈതാനതെക്കാള്‍ വലിയ ഹൃദയവിശാലതയാണ് ത്രിശ്ശൂക്കാര്‍ക്ക്. "എന്താ ഇപ്പൊ ഒരു റ്റു-ജി പ്രേമം?"-ഞാന്‍ ചോദിച്ചു. "ഇപ്പൊ പത്രം തുറന്നാലും ടിവി വെച്ചാലും ഇതന്ന്യാ.."-പൊറിഞ്ചുവേട്ടന്‍ പറഞ്ഞു. വലിയൊരു പ്രസംഗത്തിന് സ്കോപ്പ് കണ്ടു സുകുമാര്‍ അഴിക്കോടാകാന്‍ ഞാന്‍ തൊണ്ട ശരിയാക്കി (മോഹന്‍ലാല്‍ ആരാധകര്‍ ക്ഷമിക്കുക, ഞങ്ങള്‍ ത്രിശ്ശൂക്കാര്‍ക്ക് അഴീക്കൊടുമാഷ് ഒരു സംഭവം തന്ന്യാ). കല്യണീരാഗം മൂന്നാം ഭാഗത്തില്‍ പിടിച്ചു ഞാന്‍ തുടങ്ങി (ത്രിശ്ശൂക്കാര്ടെ പ്രിയപ്പെട്ട ബിയറും കല്യാണി തന്നെയാ)- "ഈ ടു-ജിന്ന് പറേന്നത്‌ ഒരു ഫോണ്‍ സംഭവമാ..." പാടി മുഴുമിക്കാന്‍ പൊറിഞ്ചുവേട്ടന്‍ സമ്മതിച്ചില്ല. സംഗതികള്‍ ശരിയല്ലെന്ന് സംശയിച്ചു നില്‍ക്കെ പൊറിഞ്ചുവേട്ടന്‍ ചോദിച്ചു: "ഇപ്പൊദു വാര്‍ത്തയില്‍ വരാന്‍ എന്തൂട്ടാ കാരണം? രാജയ്ക്കും അവന്റെ ദിന്കൊള്‍ഫികള്‍ക്കുംഇതിലെന്താ കാര്യം?" "അതിപ്പോ രാജ മന്ത്രിയായിരുന്നപ്പോ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ഈ സാധനം അവന്റെ വേണ്ടപ്പെട്ടവര്‍ക്ക് വിറ്റപ്പോ രാജ്യത്തിനുണ്ടായ നഷ്ടം ഒരു ലക്ഷത്തി എഴുപത്തിയാരായിരം കോടി രൂപ!" -പതിവ് അഴിമതിക്കഥകള്‍ പറയുന്ന ലാഘവത്തോടെ ഞാന്‍ പറഞ്ഞു..."ഓഹോ! ഒരു ലക്ഷത്തി എഴുപത്തിയാരായിരംകോടി രൂപ...ഇന്ത്യയിലെ ജനങ്ങളുടെ എണ്ണം 1,11,00,00,000...അപ്പൊ ന്റെ ലൂര്ദു മാതാവേ! ആളൊന്നിനു അഥവാ ഓരോരുത്തര്‍ക്കും നഷ്ടം 1,600 രൂപ. എന്ടീം നിന്റീം പോക്കറ്റീന്നാണ്‍ു ഈ പൈസയൊക്കെ അടിച്ചെടുത്തത്.." - വേദന കലര്‍ന്ന സ്വരത്തില്‍ കടയിലെ അരിച്ച്ചാക്കിന്റെ കാശ് കണക്കു കൂട്ടുന്ന കൃത്യതയോടെ പൊറിഞ്ചുവേട്ടന്‍ പറഞ്ഞു..."എന്റീശ്വരാ!"സംവിധായകന്‍ ശങ്കര്‍ ആരാധകമന്രം നേതാവ് 'ഇന്ത്യന്‍ യന്തിരന്‍' ശഷിമോന്റെ പ്രതികരണം പെട്ടെന്നായിരുന്നു. "അത് വന്ത് കണ്ണാ, ഈ തുകയ്ക്ക് ജപ്പാനെ സ്വന്തം പേരിലെഴുതി വാങ്ങിക്കാം..അല്ലെങ്കില്‍, പത്തു തവണ കേരളം സിങ്കപ്പൂര് പോലെയാക്കാം. ഈ നാട്ടിലെ എല്ലാവന്മാരും 'വെണ്ടക്കായ അംബി'യെപ്പോലെയും 'റോസാപ്പൂ റെമോ'yeപ്പോലെയും ആയിപ്പോയി...നാടിനെ രക്ഷിക്കനെങ്കി ഇനി വല്ല ശിവാജിയും അന്ന്യനും വരണം." രജനിയുടെ സൂപ്പെര്‍ ഡയലോഗു പോലെയായിരുന്നു ശശിമോന്റെ ആത്മരോക്ഷം. "പന്ന്യനും അന്ന്യനുമോന്നും വേണ്ട, നിങ്ങളൊക്കെ വിചാരിച്ചാ മതി ഈ നാട് നന്നാവാന്‍..ലൂര്‍്ദു പള്ളീലെ കാണിക്ക കട്ടവനായാലും ശരി, ഖജനാവ് കട്ടവനായാലും ശരി വെറുതെ വിടരുത്!" ത്രിശ്ശൂക്കാരന്റെ പതിവ് നീതിസാരം പൊറിഞ്ചുവേട്ടന്‍ പങ്കുവെച്ചു..ശ്ലതകാകാളിവൃത്തത്തില്‍ സുരേഷ് ഗോപിയുടെ പ്രാസമോപ്പിച്ചുള്ള പഞ്ച് ഡയലോഗു കേട്ടതുപോലുള്ള ആവേശത്തില്‍ നമ്പോലന്‍ ശക്തിമരുന്നു കുടിച്ചതുപോലെ ഞാന്‍ തിരിച്ചു നടന്നു. സ്പേസ് ഷട്ടിലെനെക്കാള് വേഗതയുള്ള ലിമിട്ടട് സ്റ്റോപ്പ്‌ ബസിലിരിക്കവേ റേഡിയോ മുഴങ്ങി:
'ബഹിരാകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത് പാച്ചു അഥവാ ഗോപാലന്‍. ടു-ജി സ്പെക്ട്രത്തെക്കാള്‍ വലിയ മറ്റൊരു സ്പെക്ട്രം അഴിമതി രാജ്യത്ത് നടന്നിരിക്കുന്നു. ഈ അഴിമതിയില്‍ രാജ്യത്തിനുണ്ടായ നഷ്ടം രണ്ടുലക്ഷം കോടി രൂപയാണെന്ന് രാജ്യത്തെ പ്രധാന കണക്കന്‍(CAG) കണ്ടെത്തിയിട്ടുണ്ട് !'
രണ്ടുലക്ഷം കോടിക്ക് എത്ര പൂജ്യങ്ങള്‍ ഉണ്ടെന്നു എണ്ണാന്‍ ശ്രമിച്ചു പരാജയപ്പെട്ടു, നിരാശയോടെ ഞാന്‍ മനസ്സില്‍ പറഞ്ഞു - 'ഈ നാട് നന്നാവില്യ'.