Wednesday, December 28, 2011

സൂര്യ ഹൃദയം


കുറച്ച് നാള്‍ മുന്‍പ് സി.എന്‍.എന്‍ - ഐ.ബി.എന്‍ വാര്‍ത്താ ചാനല്‍ തെക്കിലെയും വടക്കിലെയും ഭാവിയുടെ താരങ്ങളെ തെരഞ്ഞെടുക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ബോളീവുഡില്‍ നിന്ന് ഹൃതിക് റോഷനും തെന്നിന്ത്യയില്‍ നിന്ന് സൂര്യയുമായിരുന്നു ചാനല്‍ കണ്ടെത്തിയ ഭാവിയുടെ താരങ്ങള്‍. പക്ഷെ ഹൃതിക്കിനെക്കാള്‍ അഭിനയശേഷിയില്‍ ഒരുപാടു മുന്നില്‍ സൂര്യയാണെന്ന വിലയിരുത്തലോടെയാണ് ആ അന്വേഷണം ചാനല്‍ അവസാനിപ്പിച്ചത്. ഹൃദയം തുറന്ന് സൂര്യ പങ്കുവെച്ച വിശേഷങ്ങളിലേക്ക്.

ചോദ്യം: 'ഏഴാമറിവ്' ദക്ഷിണേന്ത്യ മുഴുവന്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഹിന്ദിയില്‍ ചിത്രീകരിക്കാന്‍ ഒരുങ്ങുന്നു. ശരിക്കും ഇക്കഴിഞ്ഞ ദീപാവലിക്കാലം സൂര്യയ്ക്ക് ഒരു ആഘോഷം തന്നെയായിരുന്നു അല്ലേ?

സൂര്യ : എനിക്ക് 'ആണ്ടവനിലും''ആളുകളിലും' നല്ല വിശ്വാസമുണ്ട്‌. എന്‍റെ വിശ്വാസത്തെ അവര്‍ കാത്തു. പതിമൂന്ന് വര്‍ഷത്തെ എന്‍റെ അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ ഇങ്ങിനെയെല്ലാം സംഭവിക്കുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല. എല്ലാവരുടെയും സ്നേഹം എന്നെ ഇവിടെയെത്തിച്ചു. ദൈവം സഹായിച്ച് എന്‍റെ ഓരോ ചിത്രവും, ഓരോ കഥാപാത്രങ്ങളും വ്യത്യസ്ഥമായിരുന്നു. ആ വ്യത്യസ്ഥത ഞാന്‍ ആസ്വദിക്കുന്നു. എന്നിലെ നടനെ നിലനിര്‍ത്തുന്നു.

'സിങ്ക'മാണ് എന്‍റെ ഇതുവരെയുമുള്ള ഏറ്റവും വലിയ ഹിറ്റ്. എന്നാല്‍ സിങ്കത്തിനെ കളക്ഷന്‍ റെക്കോഡുകളെ റിലീസ് ചെയ്ത കുറച്ച് ദിവസങ്ങള്‍ കൊണ്ട് 'ഏഴാം അറിവ്' തിരുത്തിക്കുറിച്ചു. ഈ ചിത്രത്തിന് ചില കുറവുകള്‍ ഉണ്ടാകാം. ആ കുറവുകളുടെ ഉത്തരവാദിത്വം എനിക്കാണ്. ബോധിധര്‍മ്മനും അരവിന്ദനും' എന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. ഇവരെ അവതരിപ്പിക്കാന്‍ ഞാന്‍ പരമാവധി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഷൂട്ടിങ്ങിനിടയില്‍ ചിത്രത്തിന് വേണ്ടി ചൈനീസ് ആയോധനമുറകള്‍ പഠിച്ചു. എന്‍റെ മറ്റ് സിനിമകളെ അപേക്ഷിച്ച് 'ഏഴാം അറിവ്' കഥാപരമായും ചിത്രീകരണ ശൈലിയിലും വ്യത്യസ്ഥമാണ്. അതുകൊണ്ട് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തെക്കുറിച്ച്‌ എല്ലാവരും പറഞ്ഞത്. വ്യക്തിപരമായി എനിക്ക് ഒരുപാട് നല്ല ഓര്‍മ്മകളും, അനുഭവവും സമ്മാനിച്ച ചിത്രമാണ് 'ഏഴാം അറിവ്'. ഈ സിനിമ എന്നെ കൂടുതല്‍ നല്ല തമിഴനാക്കി.

ചോദ്യം : കാര്‍ത്തി സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്തു കഴിഞ്ഞു. അനുജന്റെ ഈ വളര്‍ച്ചയെ ഇങ്ങിനെ കാണുന്നു?

സൂര്യ : കാര്‍ത്തി എന്‍റെ സ്വകാര്യ അഹങ്കാരമാണ്. എന്‍റെ കുഞ്ഞനുജന്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ ഒരുപാട് വഴക്കുകൂടിയിട്ടുണ്ട്. ഞാന്‍ അവനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. എനിക്ക് മറ്റുള്ളവരോടുള്ള ദേഷ്യവും ഭയവും കാര്‍ത്തിയെ തല്ലിയാണ് ഞാന്‍ തീര്‍ത്തിരുന്നത്‌. കുട്ടിക്കാലത്ത് എല്ലായിടത്തും തോറ്റുകൊണ്ടിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. എവിടെയെങ്കിലും ജയിക്കണമെന്ന തോന്നല്‍ വരുമ്പോള്‍ ഞാന്‍ കാര്‍ത്തിയെ തല്ലിതോല്‍പ്പിക്കാന്‍ ശ്രമിക്കും. അവന്‍ പാവം എന്നെ തിരിച്ച് തല്ലാന്‍ പറ്റാത്തതുകൊണ്ട് എല്ലാം നിന്ന് കൊള്ളും. എല്ലാം തീര്‍ന്ന് ഞാന്‍ എവിടെയെങ്കിലും ഇരിക്കുമ്പോള്‍ അവന്‍ അറിയാതെവന്ന് എന്നെ പിച്ചുകയും മാന്തുകയും ചെയ്യും. അവന്‍ പിച്ചിയതിന്റെ പാട് ഇപ്പോളും എന്‍റെ തോളിലുണ്ട്. ടാല്‍ക്കം പൌഡര്‍ കൊണ്ട് കോമ്പല്ലുകള്‍ വരച്ച് ചെകുത്താനെപ്പോലെ വേഷമിട്ട് രാത്രിയില്‍ അവനെ പേടിപ്പിക്കുമായിരുന്നു. അവന്‍ സിനിമയില്‍ വന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. എല്ലാവരും അവനെപ്പറ്റി പുകഴ്ത്തിപ്പറയുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നും. പക്ഷെ അവന്റെ സിനിമകള്‍ കാണുമ്പോള്‍ ഓരോ ഷോട്ടെടുക്കാനും എന്‍റെ അനുജന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളോര്‍ത്ത് എനിക്ക് സങ്കടം വരും. ഓരോ ഷോട്ടെടുക്കാനുമുള്ള ബുദ്ധിമുട്ടുകളും ചിത്രീകരണ സമയത്തെ കഷ്ട്ടപ്പാടുകളും എനിക്കറിയാവുന്നതിനാല്‍ അവനെയോര്‍ത്ത് എനിക്ക് സങ്കടം വരാറുണ്ട്. അവന്‍ വേദനിക്കുന്നത് എനിക്ക് സഹിക്കില്ല.

ചോദ്യം : അനുജനോട് ഇത്രയും സ്നേഹമുള്ള ഏട്ടനാണോ സൂര്യ...

സൂര്യ : എന്‍റെ കുട്ടിക്കാലത്തൊന്നും ഇങ്ങിനെയായിരുന്നില്ല എന്ന് പറഞ്ഞല്ലോ. അവന്‍ ഉപരിപഠനത്തിനായി യു.എസ്സില്‍ പോയപ്പോഴാണ് അവനെ ഞാന്‍ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത്. ആ അകല്‍ച്ചയായിരുന്നു ഞങ്ങളുടെ ബന്ധത്തെ മാറ്റിയെഴുതിയത്. അവനെ ഉപദ്രവിക്കുകയല്ലാതെ ഒരു ഏട്ടന്‍ എന്ന നിലയില്‍ സ്നേഹിച്ചിട്ടില്ല എന്ന കുറ്റബോധം എന്നെ വേട്ടയാടാന്‍ തുടങ്ങി. അവന്‍ നന്നായി പഠിക്കുമായിരുന്നു. സ്പോര്‍ട്സിലും പഠനത്തിലും അവന്‍ നേടിയ വിജയങ്ങളെ ഞാന്‍ ഒരിക്കലും അഭിനന്ദിച്ചിട്ടില്ല. ഒറ്റയ്ക്കിരിക്കുമ്പോള്‍ ഇതെല്ലാം ഓര്‍ത്തുള്ള വിഷമം താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് ചില ഫോണ്‍ വിളികള്‍ മാത്രം.
ഒരു ദിവസം ഞാന്‍ അവനൊരു കത്തെഴുതി. കണ്ണീരില്‍ കുതിര്‍ന്ന ഒരു കത്ത്. കുട്ടിക്കാലത്ത് വേദനിപ്പിച്ചതിനെല്ലാം മാപ്പുചോദിച്ചുകൊണ്ട് എന്‍റെയുള്ളിലെ സ്നേഹമറിയിച്ചുകൊണ്ട് ഒരു കത്ത്. തുടക്കത്തില്‍ ഒരുപാട് തവണ 'സോറി' എന്നെഴുതിയ ഒരു മറുപടി അവനില്‍ നിന്ന് എനിക്ക് കിട്ടി. അതിലെ വാക്കുകള്‍ ഇങ്ങിനെയായിരുന്നു.'" അതൊക്കെ കുട്ടിക്കാലത്തെ കാര്യങ്ങളല്ലേ, ഏട്ടന്‍ അതെല്ലാം ഇപ്പോഴും ഓര്‍ത്ത് വിഷമിക്കുകയാണോ? കുഞ്ഞുനാള്‍ മുതലേ ഏട്ടനാണ് എന്‍റെ റോള്‍ മോഡല്‍. ഏട്ടന്‍ തല്ലുമ്പോള്‍ ഏട്ടനെപ്പോലെയാകാണ് ഞാന്‍ തിരിച്ച് തല്ലിയിരുന്നത്. ഏട്ടന്‍ കുളിക്കാന്‍ പോകുമ്പോള്‍ ഞാന്‍ ഏട്ടന്റെ ഷര്‍ട്ടില്‍ കെട്ടിപിടിക്കുമായിരുന്നു. ഏട്ടന്‍ ഇടുന്ന അതേപോലുള്ള ഷര്‍ട്ടിടാന്‍ കാത്തുനില്‍ക്കുമായിരുന്നു.'". ഇതാണ് എന്‍റെ കാര്‍ത്തി.

ചോദ്യം : എങ്ങിനെയായിരുന്നു പ്രണയം...

സൂര്യ : ആദ്യം ഞങ്ങള്‍ക്കിടയില്‍ ചെറിയ പിണക്കങ്ങള്‍ പതിവായിരുന്നു. പിന്നെ നല്ല സുഹൃത്തുക്കളായി. 'നന്ദ' സിനിമയുടെ ട്രൈലര്‍ ടി.വിയില്‍ കണ്ട് ജ്യോതിക എന്നെ ഒരുപാട് തവണ വിളിച്ച് അഭിനന്ദിച്ചു. പിന്നീട് ആ അഭിനന്ദനങ്ങള്‍ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. " ചുരിദാര്‍ അണിഞ്ഞ സ്വര്‍ഗ്ഗമേ... നിന്നെ ഞാന്‍ പ്രണയിച്ചതെപ്പോഴെന്ന് എനിക്കറിയില്ല..." ഈ സിനിമാപാട്ട് പോലെയായിരുന്നു ഞങ്ങളുടെ പ്രണയവും. നോര്‍ത്ത് ഇന്ത്യന്‍ ജീവിതത്തെ അറിയാനും ആസ്വദിക്കാനും ജോയുമായുള്ള വിവാഹത്തിലൂടെ എനിക്ക് കഴിഞ്ഞു.

ചോദ്യം : ജ്യോതികയുടെ എന്ത് പ്രത്യേകതയാണ് സൂര്യക്ക് ഏറ്റവും ഇഷ്ട്ടം ?

സൂര്യ : എല്ലാം തുറുന്നു പറയുന്ന സ്വഭാവമാണ് ജോയുടെത്. ഒന്നും മനസ്സിലൊളിപ്പിച്ചുവയ്ക്കില്ല. തുറന്നു പറയും അത് എനിക്കിഷ്ട്ടമല്ലെങ്കില്‍ കൂടിയും.


( സൂര്യയുടെ വിശേഷങ്ങള്‍ കൂടുതല്‍ വായിക്കുക, കന്യക ക്രിസ്തുമസ് പതിപ്പില്‍ ..... )