Saturday, January 14, 2012

വില്‍ക്കാനുണ്ട് താരങ്ങള്‍


പ്രാദേശിക ഭാഷാചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ളത് തമിഴ് ചിത്രങ്ങള്‍ക്കാണ്. സിങ്കപ്പൂരും മലേഷ്യയും തായ് ലാന്റും എന്തിനേറെ തമിഴരുള്ള ലോകത്തിന്റെ എല്ലായിടത്തും തമിഴ്ചിത്രങ്ങള്‍ പണം വാരുന്നു. 'നന്‍ബനി'ലൂടെ ഫ്രഞ്ച് സബ് ടൈറ്റിലുകളുമായി ഫ്രാന്‍സിലും തമിഴ് സിനിമ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. കോടികള്‍ കിലുങ്ങുന്ന കോളീവുഡിലെ താരരാജാക്കന്മാര്‍ ആരെല്ലാം?. 'എല്ലാവരും ഒപ്പത്തിനൊപ്പമെന്ന്' പറയുമ്പോഴും താരനിരയില്‍ ഒന്നാമനും രണ്ടാമനും എല്ലാമില്ലേ... അവരെ കണ്ടെത്തുകയാണ് ഇവിടെ. 'തമിഴ് തിരൈ ഉലകിലെ' താര വില വിവരപ്പട്ടിക. ഏഷ്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന 'സ്റ്റയില്‍ മന്നന്‍' രജനീകാന്തിനെയും ഇഷ്ട്ടപ്പെട്ട വേഷം ചെയ്യാന്‍ പ്രതിഫലം നോക്കാത്ത കമല്‍ ഹാസ്സനെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
തമിഴകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം, അതേ... സൂര്യതന്നെ. പരമാവധി വിജയ സാധ്യതയും, നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനവുമുള്ള നടനും സൂര്യതന്നെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി തന്റെ സ്ഥാനം സൂര്യ നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കെ.വി. ആനന്ദിന്റെ പുതിയ ചിത്രം 'മാട്രാനില്‍' അഭിനയിക്കാന്‍ സൂര്യ കൈപ്പറ്റിയ പ്രതിഫലം 20 കോടി രൂപയാണ്. കോളീവുഡ് ഏറ്റവും വിശ്വാസമര്‍പ്പിക്കുന്ന വിജയക്കൂട്ടുകെട്ട് സൂര്യ- ഗൗതം മേനോന്‍ സഖ്യമാണ്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവില്‍ 'മങ്കാത'യിലൂടെ വന്‍ തിരിച്ചുവരവ്‌ നടത്തിയ 'അള്‍ട്ടിമേറ്റ് സ്റ്റാര്‍' അജിത്താണ് പ്രതിഫലക്കാര്യത്തില്‍ രണ്ടാമന്‍...,.. 19 കോടിയാണ് അജിത്തിന്റെ പ്രതിഫലം. സംവിധായകരുമായും സാങ്കേതിക പ്രവര്‍ത്തകരുമായും ആസ്വാദകരുമായും അജിത്തിനുള്ള ബന്ധമാണ് താരത്തിളക്കം മങ്ങാതെകാത്തത്. ഫാന്‍സ്‌ അസോസിയേഷന്‍ പിരിച്ചുവിട്ടെങ്കിലും അജിത്തിന് എപ്പോഴും വന്‍ ആരാധകവൃന്ദമുണ്ട്. ഇളയ ദളപതി വിജയുടെ പ്രതിഫലം 15 - 18 കോടി രൂപയാണ്.
താരങ്ങള്‍ക്ക് തുല്യം പ്രതിഫലം പറ്റുന്ന സംവിധായകരുമുണ്ട് തമിഴകത്ത്. ഷങ്കര്‍ തന്നെ ഇവരില്‍ ഒന്നാമന്‍..,. 15 കോടിയാണ് ഷങ്കറിന്റെ പ്രതിഫലം. 'നന്‍ബന്‍' ചിത്രത്തില്‍ വിജയ്ക്ക് തുല്യമായ പ്രതിഫലമാണ് ഷങ്കര്‍ വാങ്ങിയത്. നായകന്‍മാര്‍ക്കൊപ്പം ആടിയും പാടിയും നടക്കുന്നുണ്ടെങ്കിലും നടിമാര്‍ക്ക് കാര്യമായ പ്രതിഫലമൊന്നും ഇല്ല. പ്രതിഫലക്കണക്കില്‍ 'ബംഗാളി ബ്യൂട്ടി' റിച്ച ഗംഗോപാധ്യായയാണ് മുന്നില്‍..,. ' മയക്കം എന്ന ', ' ഓസ്തി ' എന്നെ ചിത്രങ്ങള്‍ റിച്ചയുടെ കരിയര്‍ ഗ്രാഫുയര്‍ത്തി. ,. 70 ലക്ഷം. മീരാ ജാസ്മിന്‍, നയന്‍താര, അസിന്‍ എന്നീ മലയാളി നടികള്‍ അടക്കിവാണ തമിഴകത്ത് ഇപ്പോഴുള്ള 'വിലയേറിയ' മലയാളി താരം അമല പോള്‍ ആണ്.

താരങ്ങളും പ്രതിഫലവും.
നായകന്മാര്‍ ( തുക കോടിയില്‍ )
സൂര്യ 20 കോടി
അജിത്ത് 19 കോടി
വിജയ്‌ 15 - 18 കോടി
വിക്രം 10 കോടി
കാര്‍ത്തി 7-9 കോടി
ധനുഷ് 7 കോടി
സിമ്പു 6 കോടി
വിശാല്‍ 6 കോടി
ആര്യ 3 കോടി
ജയം രവി 2.5 - 3.5 കോടി
മാധവന്‍ 2 - 3 കോടി
ജീവ 2 - 2.5 കോടി

സംവിധായകര്‍ ( തുക കോടിയില്‍ )
ഷങ്കര്‍ 15 കോടി
എ.ആര്‍... .മുരുഗദോസ് 12 കോടി
ലിങ്കുസ്വാമി 5 കോടി
ബാല 5 കോടി
അമീര്‍ സുല്‍ത്താന്‍ 4 കോടി
കെ.എസ്.രവികുമാര്‍-- -3 കോടി
കെ.വി ആനന്ദ് 3-4 കോടി
സെല്‍വ രാഘവന്‍ 3-5 കോടി
ഗൗതം മേനോന്‍ 5-7 കോടി
ശശി കുമാര്‍-- ---- 2- 3 കോടി
വെങ്കിട്ട് പ്രഭു 2.5- 3 കോടി
വെട്രിമാരന്‍ 2 കോടി
ഹരി 2 കോടി
മിഷ്ക്കിന്‍ 2 കോടി
എ എല്‍ വിജയ്‌ 2-2.5 കോടി

നടിമാര്‍ ( തുക ലക്ഷത്തില്‍ )
റിച്ച ഗംഗോപാധ്യായ 75 ലക്ഷം
അനുഷ്ക 70 ലക്ഷം
തമന്ന 60 ലക്ഷം
തൃഷ 70 ലക്ഷം
ഹന്‍സിക 30 ലക്ഷം
അമല പോള്‍ 40 ലക്ഷം
സമീരാ റെഡഡി 45 ലക്ഷം
കാജല്‍ അഗര്‍വാള്‍ 45-50 ലക്ഷം
ഇല്യാന 60-70 ലക്ഷം
ശ്രുതി ഹാസ്സന്‍ 40 ലക്ഷം

Saturday, January 7, 2012

നല്ല സിനിമക്കു വേണ്ടിയുള്ള യുദ്ധങ്ങള്‍



'മിഴകത്തെ ഉന്മാദിയായ സംവിധായകന്‍.' മിഷ്ക്കിനെ ഒറ്റവാക്കില്‍ അങ്ങിനെ വിശേഷിപ്പിക്കാം. വ്യത്യസ്തമായ കഥാഖ്യാന ശൈലികൊണ്ടും വൈകാരിക തീവ്രമായ മുഹൂര്‍ത്തങ്ങള്‍ കൊണ്ടും ഒറ്റവാക്കില്‍ ഉത്തരം തരാത്ത ബിംബങ്ങള്‍ കൊണ്ടും മിഷ്ക്കിന്‍ തമിഴ് 'സിനിമയുടെ നവതരംഗത്തില്‍' വേറിട്ട്‌ നില്‍ക്കുന്നു. സങ്കീര്‍ണ്ണമായ മനുഷ്യമനസ്സിന്റെയും അതിലെ വിഭ്രാന്തികളുടെയും ക്യാമറയെ സാക്ഷ്യങ്ങള്‍ തീര്‍ത്ത മിഷ്ക്കിനെ കോളീവുഡ് ' സംവിധായക ജീനിയസ് ' എന്നാണ് വിളിക്കുന്നത്‌. സൂപ്പര്‍താരബിംബളുടച്ച് തമിഴ് സിനിമ നല്ല സിനിമയുടെ നടപ്പാതതീര്‍ത്തപ്പോള്‍ മിഷ്ക്കിന്‍ തന്റെതായ ഇടം നേടിയെടുത്തു. 'ജീവിതത്തിലും സിനിമയിലും ഞാന്‍ ഒരു റിബലാണ്' മിഷ്ക്കിന്‍ സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങിനെയാണ്. 2006_ ല്‍ ആദ്യചിത്രം 'ചിത്തിരം പേശുതടി'. ആ ചിത്തിരം ( ചിത്രം) പേശിയത് (പറഞ്ഞത് ) തമിഴ് പേശും പടങ്ങള്‍ക്ക് അതുവരെ അപരിചിതമായിരുന്ന ഒരു പ്രണയ കഥയായിരുന്നു. തുടര്‍ന്ന് 'അന്‍ജാതെ', 'നന്ദലാല', 'യുദ്ധം സെയ്' എന്നീ ചിത്രങ്ങള്‍. ഓരോ ചിത്രവും മിഷിക്കിന്‍ എന്ന സംവിധായകന്റെ മികവിന്റെ കൈയ്യൊപ്പ് പതിഞ്ഞവ. സങ്കീര്‍ണമായ, വ്യത്യസ്തമായ, കമ്പും കരുത്തുമുള്ള പ്രമേയങ്ങള്‍ ഒരേ സമയം വന്‍ബോക്സ് ഓഫീസ് വിജയത്തിനും ഉയര്‍ന്ന കലാമൂല്യമുള്ള സര്‍ഗ്ഗസൃഷ്ട്ടിക്കും യോജിച്ചവിധത്തില്‍ മിഷ്ക്കിന്‍ സിനിമകളാക്കി. മലയാളിതാരം നരേന് തമിഴില്‍ മേല്‍വിലാസമുണ്ടാക്കി കൊടുത്തത് മിഷ്ക്കിനാണ്. മിക്കപ്പോഴും താര സാമ്രാട്ടുകളുടെ പേരില്‍ മാത്രം ചിത്രങ്ങള്‍ അറിയപ്പെടുന്ന തമിഴ് തിരൈ ഉലകില്‍ മിഷ്ക്കിന്‍ തന്റെ പേരുകൊണ്ട് മാത്രം കാണികളെ ആകര്‍ഷിക്കുന്നു.

ചോദ്യം: തമിഴ് സിനിമ ഒരു മാറ്റത്തിന്റെ വഴിയിലാണ്. ആ വഴിമാറി സഞ്ചാരികളില്‍ ഒരാള്‍ എന്ന നിലയില്‍ മിഷ്ക്കിന്‍ എങ്ങിനെ സ്വയം അടയാളപ്പെടുത്തുന്നു.

മിഷ്ക്കിന്‍: മഹാ സന്ദേശങ്ങള്‍ നല്‍കാനല്ല ഞാന്‍ സിനിമ ചെയ്യുന്നത്. തിരുവയ്യാരും അവ്വയാരും ഇതെല്ലാം ചെയ്തിട്ടുണ്ട്. മനുഷ്യനില്‍ സമൂലമായ മാറ്റമുണ്ടാക്കാനൊന്നും സിനിമകൊണ്ട് സാധിക്കില്ല. പക്ഷെ അവന്റെയുള്ളിലെ ചില മാനുഷീക വശങ്ങളെ സ്പര്‍ശിക്കാന്‍ സിനിമകൊണ്ട് കഴിയും. ഞാന്‍ ഒരു കഥപറച്ചിലുകാരനാണ്. എന്‍റെയുള്ളിലുള്ള, ഞാന്‍ പറയാന്‍ കൊതിക്കുന്ന കഥകള്‍ സിനിമയാക്കുന്നു. ആത്മാര്തവും ഉള്ളില്‍ തട്ടുന്ന വിധത്തിലും പറയാന്‍ ശ്രമിക്കുന്നു. സിനിമ ഒരു മാധ്യമമാണ് അതിലേറെ ഒരു കലാരൂപമാണ്‌ അതുകൊണ്ട് അതിനോട് പരമാവധി സത്യസന്ധത പുലര്‍ത്താന്‍ ശ്രമിക്കുന്നു. കാരണം അതിനൊരു നേരുണ്ട്. ജീവന്റെ നേര്.
സെമി റിയലിസ്റ്റിക് സിനിമകള്‍ ചെയ്യാനാണ് എനിക്കിഷ്ട്ടം. ഭാവനയും യാഥാര്‍ത്യവും ഇഴചേര്‍ന്ന ചിത്രങ്ങള്‍. കാഴ്ച്ചക്കാരന്റെ ആസ്വാദനത്തെ ആഴത്തില്‍ സ്പര്‍ശിക്കണം. സിനിമകണ്ടിറങ്ങുന്ന ആളുകള്‍ ' ആ കുഴപ്പമില്ല ' എന്ന്മാത്രം പറയുകയാണെങ്കില്‍ അതൊരു അപമാനമായാണ്‌ എനിക്ക് തോന്നാറ്. ഒന്നുകില്‍ നല്ലത്, അല്ലെങ്കില്‍ മോശം. ഇതേ ഉള്ളൂ. എഴുത്താണ് എന്‍റെ കരുത്ത്. മറ്റുള്ളവര്‍ നടന്നു തേഞ്ഞ വഴിയിലൂടെ നടക്കാന്‍ എനിക്ക് ആഗ്രഹമില്ല.

ചോദ്യം: ആദ്യ ചിത്രം 'ചിത്തിരം പേശുതടി ' എങ്ങിനെയാണ് യാഥാര്ത്യമായത്?

മിഷ്ക്കിന്‍: സഹ സംവിധായകനായിരിക്കെ ഒരുപാട് തിരക്കഥയെഴുതിയിരുന്നു. പക്ഷെ സ്വന്തം സിനിമ എന്ന സ്വപ്നം യാഥാര്ത്യമാകണമെങ്കില്‍ ചില കച്ചവട നിയമങ്ങള്‍ നമ്മള്‍ പാലിക്കണമെന്ന് വൈകാതെ മനസ്സിലായി. പാട്ട്, പ്രണയം, ഫൈറ്റ് ഇതൊക്കെയാണ് എല്ലാ നിര്‍മ്മാതാക്കളുടെയും ആശങ്ക. എന്‍റെ ആശയങ്ങള്‍ക്ക് കാര്യമായി കോട്ടം തട്ടാതെ, നിര്‍മ്മാതാക്കളുടെ ഇഷ്ട്ടങ്ങള്‍ കൂടി പരിഗണിച്ച് ഞാന്‍ ' ചിത്തിരം പേശുതടി' ഒരുക്കി. ആദ്യം തൃശൂരില്‍ പോയി നരേനോട് കഥപറഞ്ഞു. പിന്നെ ഭാവനയെ നായികയാക്കി നിശ്ചയിച്ചു. റിലീസിംഗ് വലിയ വെല്ലുവിളിയായിരുന്നു. ആദ്യ പത്ത് ദിവസം വിരലിലെണ്ണാവുന്ന ആളുകളെ പടം കാണാനുണ്ടായിരുന്നുള്ളൂ. ഒരു പ്രണയകഥ എങ്ങിനെ തീര്‍ത്തും വ്യത്യസ്തമാക്കാം എന്ന പരീക്ഷണമായിരുന്നു ' ചിത്തിരം പേശുതടി ' . ആ പരീക്ഷണം വിജയിച്ചു.

ചോദ്യം: താങ്കളൊരു കടുംപിടുത്തക്കാരനായ സംവിധായകനാണെന്ന് കേട്ടിട്ടുണ്ട്. എങ്ങിനെയാണ് സിനിമയുടെ നിര്‍മ്മാണം?

മിഷ്ക്കിന്‍: കടുംപിടുത്തമൊന്നുമില്ല. ആ.. പക്ഷെ എല്ലാം കൃത്യമായി നടക്കണം എന്ന നിര്‍ബന്ധമുണ്ട്. ഒരു ചിത്രവും എഡിറ്റിംഗ് ടെബിളിലല്ല ഉണ്ടാകുന്നത് സംവിധായകന്റെ മനസ്സിലാനെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഷൂട്ടിങ്ന് മുന്‍പ് സ്ക്രിപ്റ്റ് പൂര്‍ണ്ണമായിരിക്കും. പിന്നെ എല്ലാ നടീ നടന്‍മാരെയും ഉള്‍പ്പെടുത്തി കുറച്ച് നാള്‍ റിഹേഴ്സല്‍ നടത്തും. ഇത്ര വലിയ നടനാണെങ്കിലും റിഹേഴ്സലിനുവരണം ആ കാര്യത്തില്‍ എനിക്ക് കടുംപിടുത്തമുണ്ട്. റിഹേഴ്സല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. ഷൂട്ടിംഗ് ലൊക്കേഷനനുസരിച്ച് സ്ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തും. എന്‍റെ സിനിമയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യാത്ത വിധത്തില്‍ നിര്‍മ്മാതാക്കള്‍ക്കുവേണ്ടി ചെറിയ ചില മാറ്റങ്ങള്‍ വരുത്താറുണ്ട്.


ചോദ്യം: താങ്കളുടെ സിനിമകളില്‍ ഒരുപാട് ടോപ്‌ ആംഗിള്‍ ഷോട്ടുകള്‍ ഉണ്ട്. ഭൂമിയിലെ ജീവിതത്തെ നോക്കിക്കാണുന്ന ദൈവത്തിന്റെ കണ്ണുകള്‍ പോലെ ക്യാമറയുടെ കാഴ്ച്ചാ രീതി. ഇത്‌ ബോധപൂര്‍വമാണോ ?

മിഷ്ക്കിന്‍: അതെ. ടോപ്‌ ആംഗിള്‍ ഷോട്ടുകളുടെ കാര്യത്തില്‍ ഞാന്‍ ഏറെ ശ്രദ്ധാലുവാണ്. സ്രഷ്ട്ടാവിന്റെ കാഴ്ച പോലെ.

ചോദ്യം: ഒരുപാട് ജോലികള്‍ ( 72 ലേറെ തൊഴിലുകള്‍ ) ചെയ്ത ശേഷമാണല്ലോ സിനിമയിലെത്തുന്നത്.

മിഷ്ക്കിന്‍: അതെ അതെ. ചെട്ടിനാട് എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്സില്‍ ബിരുദം നേടി. മാര്‍കറ്റിങ്ങ്, കേറ്ററിംഗ്, ടി-ഷര്‍ട്ട്‌ വില്‍പ്പന തുടങ്ങി പലവേഷങ്ങള്‍ ജീവിതത്തില്‍ കെട്ടി. അങ്ങിനെ ഇരിക്കെ ഒരുദിവസം സിനിമ പഠിക്കണം എന്ന മോഹമുദിച്ചു. വീട്ടില്‍ പറഞ്ഞപ്പോള്‍ കുറച്ചുപേര്‍ കളിയാക്കി കുറച്ച് പേര്‍ നിരുത്സാഹപെടുത്തി പിന്നെയും കുറച്ചുപേര്‍ വഴക്കുപറഞ്ഞു. പക്ഷെ സിനിമ എന്നെ വല്ലാതെ സ്വാധീനിച്ചു കഴിഞ്ഞിരുന്നു. ലാന്‍ഡ്‌ മാര്‍ക്ക്‌ പുസ്തകശാലയില്‍ ജോലിക്കുനില്‍ക്കുകയാണ് ആദ്യം ചെയ്തത്. അവിടെയുള്ള സിനിമാ പുസ്തകങ്ങളെല്ലാം വായിച്ചു തീര്‍ത്തു. പിന്നെ സഹ സംവിധായകനായി നിന്നു. ജീവിതത്തിലും സിനിമയിലും ഒരു റിബലായിരിക്കനാണ് എനിക്കിഷ്ട്ടം.

ചോദ്യം: കുറസോവയെ മിഷ്ക്കിന്‍ ഒരുപാട് ആരാധിക്കുന്നു അല്ലേ..?

മിഷ്ക്കിന്‍ : ആരാധനയല്ല പ്രചോദനമാണ്. മറ്റുള്ളവര്‍ ഒരു കളിയാക്കലായിട്ടാണോ അതോ പ്രശംസയായിട്ടാണോ പറയുന്നത് എന്നറിയില്ല. പക്ഷെ ഞാന്‍ അതൊരു പ്രശംസയായിട്ടാണ് കാണുന്നത്. രണ്ട് സംവിധായകരുടെ കീഴില്‍ സിനിമ പഠിച്ചിട്ടുണ്ടെങ്കിലും കുറസോവയെയാണ് ഞാന്‍ ഗുരുവായി കാണുന്നത്. എന്‍റെ പ്രിയ കുറസോവാചിത്രം ' സെവന്‍ സമുറായ്' ആണ്. ഞാന്‍ ആയിരത്തിലേറെ തവണ ആ ചിത്രം കണ്ടിട്ടുണ്ട്. ഇനി ഒരു ലക്ഷത്തിലേറെ തവണ ഞാന്‍ ആ ചിത്രം കാണും. എല്ലാവരും വാഴ്ത്തുന്ന ഒരു ക്ലാസ്സിക്ക് സിനിമ ഒരു പാട് കണ്ടു എന്ന ഗമ പറയുകയല്ല. ഞാന്‍ ഒറ്റയിരിപ്പിന് കണ്ടു തീര്ക്കാറുമില്ല. ചെറിയ ചെറിയ ക്ലിപ്പിങ്ങുകളായാണ് ഞാന്‍ കാണാറ്. ഓരോ തവണ കാണുമ്പോഴും ഒരു ചെറിയ സീന്‍ പോലും ഒരുപാട് പുതിയ കാര്യങ്ങളാണ് എന്നെ പഠിപ്പിക്കുന്നത്‌.

ഒരു ചിത്രത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, തിരക്കഥയെഴുമ്പോള്‍ കുറസോവ എന്‍റെ അരികെ ഇരിക്കുന്നതായി തോന്നും. എങ്ങിനെ എഴുതണം, എങ്ങിനെ ഷോട്ടുകള്‍ കട്ട് ചെയ്യണം, എങ്ങിനെ കമ്പോസ് ചെയ്യണം, എന്തായിരിക്കണം പശ്ചാത്തല സംഗീതം എന്നെല്ലാം അദ്ദേഹം എനിക്ക് പറഞ്ഞു തരും.

ചോദ്യം: ഈ മുറി നിറയെ പുസ്തകങ്ങളാണല്ലോ... വായനാനുഭവങ്ങള്‍ പറയാമോ?

മിഷ്ക്കിന്‍: ഞാന്‍ വളരെ കുറച്ച് സിനിമകളെ കണ്ടിട്ടുള്ളൂ. ഒരുപാട് ക്ലാസ്സിക്ക് സിനിമകള്‍ കണ്ട തഴക്കം എനിക്കില്ല. ഒരു പക്ഷെ അതെന്റെ പോരായ്മയായിരിക്കാം. പക്ഷെ എന്‍റെ ജീവിതത്തെ എന്നും സമ്പന്നമാക്കുന്നത്‌ പുസ്തകങ്ങളാണ്. ലാന്‍ഡ്‌ മാര്‍ക്ക് പുസ്തകക്കടയില്‍ ജോലി ചെയ്തിരുന്നപ്പോഴാണ് വായനയുടെ ലോകത്തേക്ക് വരുന്നത്. ഞാന്‍ ഒരു തമിഴ് മീഡിയം വിദ്യാര്‍ഥിയായിരുന്നു. ഇംഗ്ലീഷ് ശരിയായി അറിയാത്തതിന്റെ അപഹര്‍ഷതാ ബോധം എനിക്കുണ്ടായിരുന്നു. ഇംഗ്ലീഷ് പഠിക്കാനാണ് ഞാന്‍ പുസ്തക വായന ആരംഭിച്ചത്. ആദ്യം വായിച്ചത് റ്റോള്‍സ്റ്റോയിയെ ആയിരുന്നു. ദസ്തെവ്സ്ക്കി വായിച്ചതാണ് എന്‍റെ ജീവിതത്തിന് ഒരു പുതു ദിശ നല്‍കിയത്. മനുഷ്യ ജീവിതത്തിന്റെ ഇരുട്ടും വെളിച്ചവും ഞാന്‍ അറിഞ്ഞു. വേദനകള്‍ തുറക്കുന്ന ഉയിര്‍പ്പിന്റെ കവാടങ്ങള്‍ കണ്ടു. വായന എന്‍റെ ജീവിതത്തിന്റെ ഭാഗമല്ല. ജീവിതം തന്നെയാണ്. വായിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്‍റെ അറിവില്ലായ്മയെക്കുറിച്ച് ഞാന്‍ അറിയാന്‍ തുടങ്ങിയത്. എന്‍റെ തിരക്കഥാ രചനകളെ വായന ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. 250 പേജ് സ്ക്രിപ്റ്റിന് 15000 പേജ് ഞാന്‍ എഴുതണം. പിന്നെ അത് വെട്ടിയൊതുക്കി 250 പേജാക്കണം. ഇത്രയുമെഴുതാന്‍ ചുരുങ്ങിയത് 1500000 പേജെങ്കിലും വായിക്കണം. എഴുത്തുകാരനാകാനാണ് ഞാന്‍ സിനിമയില്‍ വന്നത്. ഒരു നല്ല സംവിധായകന്‍ ഒരു നല്ല വായനക്കാരനുമായിരിക്കണമെന്ന കുറസോവയുടെ വാക്കുകളാണ് ഇവിടെയും എന്‍റെ വെളിച്ചം.

ചോദ്യം: മലയാള സിനിമ ഒരുകാലത്ത് സഞ്ചരിച്ചിരുന്ന വഴിയിലൂടെയാണ് ഇന്ന് തമിഴ് സിനിമ കടന്ന് പോകുന്നത് എന്ന വിലയിരുത്തലുകളുണ്ട്. മലയാള സിനിമകളുമായുള്ള ബന്ധമെങ്ങിനെ...

മിഷ്ക്കിന്‍: എന്‍റെ ഓര്‍മ്മളുടെ ഫ്രെയ്മിനെ സമ്പന്നമാക്കുന്നത് ചില മലയാള സിനിമകളാണ്. കുട്ടിക്കാലത്ത് ദൂരദര്‍ശനില്‍ ഒരുപാട് മലയാള സിനിമകള്‍ കണ്ടിട്ടുണ്ട്. മിക്കതിന്റെയും പേരോര്‍മ്മയില്ല. സത്യന്‍ മാഷിന്റെ ഒരു ചിത്രം കണ്ട് ഭാഷയറിയില്ലെങ്കിലും ഞാന്‍ കുറേ കരഞ്ഞതോര്‍മ്മയുണ്ട്. ചെമ്മീന്‍, വൈശാലി എന്നീ ചിത്രങ്ങള്‍ എന്‍റെ എക്കാലത്തെയും പ്രിയ ചിത്രങ്ങളാണ്. ചെമ്മീന്‍ ഞാന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ദസ്തേവിസ്ക്കിയെപ്പോലെ ഞാന്‍ ബഹുമാനിക്കുന്ന എഴുത്തുകാരനാണ്‌ തകഴി. ഒരു വലിയ എഴുത്തുകാരനാകാന്‍ വേണ്ടി സാഹിത്യ സൃഷ്ട്ടികള്‍ നടത്തിയ ഒരാളല്ല തകഴി. മറിച്ച് താന്‍ ജീവിച്ച സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് ആ രചനകളില്‍ ഉണ്ടായിരുന്നത്. അങ്ങിനെയാണ് അദ്ദേഹം മഹാനായ എഴുത്തുകാരനായതും.തകഴി ഉള്‍പ്പെടെ എത്രയോ എഴുത്തുകാര്‍ മണ്ണിന്റെ മണമുള്ള കഥകള്‍ മലയാളസിനിമയ്ക്കായി ബാക്കിവെച്ചിട്ടുണ്ട്. അവ അതുപോലെ പകര്‍ത്തണം എന്നല്ല. ആ കഥകള്‍ പങ്കുവെയ്ക്കുന്ന മലയാളി സ്വത്വമാണ്‌ നാം കാണേണ്ടത്. പക്ഷെ ഒരു കാര്യം പറയട്ടെ ഇന്നത്തെ മലയാള സിനിമയെക്കുറിച്ച് എനിക്ക് കാര്യമായ അഭിപ്രായമില്ല. മമ്മൂട്ടിയുടെ ഒരു സി.ബി.ഐ സിനിമയാണ് അവസാനമായി കണ്ടത്. ഉള്ളത് പറയണമല്ലോ ഒരു തല്ലിപ്പൊളി പടം. അതോടെ മലയാളസിനിമ കാണുന്നത് നിര്‍ത്തി.

ചോദ്യം: മലയാള സിനിമയുടെ സുവര്‍ണ്ണകാലത്തെ സ്നേഹിക്കുന്ന വ്യക്തിയായതിനാല്‍ ചോദിക്കട്ടെ, ആരാണ് മലയാളത്തിലെ ഇഷ്ട്ട സംവിധായകന്‍?

മിഷ്ക്കിന്‍: എന്‍റെ ജീവിതത്തെ സ്വാധീനിച്ച മൂന്ന് സംവിധായകരാണുള്ളത് കുറസോവ, റ്റകേഷി കിറ്റാനോ... പിന്നെ ഒരേ ഒരു ഭരതന്‍. സെല്ലുലോയ്ഡിലെ 'ഭരത'സ്പര്‍ശങ്ങളിലൂടെയാണ് ഞാന്‍ നിറങ്ങളെ പ്രണയിക്കാന്‍ തുടങ്ങിയത്. ' തേവര്‍ മകനാണ്' എന്‍റെ പ്രിയ ഭരതന്‍ ചിത്രം. 'തേവര്‍ മകനെ' ഒരു 'നായര്‍ മകനായി' വേണമെങ്കില്‍ കാണാമെങ്കിലും ശരിക്കും മഹത്തായ ഒരു സിനിമയാണത്. മധുരയിലെ തേവര്‍ സമുദായത്തിന്റെ ജീവിതം ഇത്ര പച്ചയായും ചേതോഹരമായും എങ്ങിനെ ദൃശ്യവല്‍ക്കരിക്കാന്‍ കഴിഞ്ഞു എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ഒരു തമിഴ് സംവിധായകന് കഴിയുമോ എന്ന് സംശയമാണ്. എല്ലാ അതിരുകള്‍ക്കും അപ്പുറം ജീവിതത്തിന്റെ തനിമ കണ്ടെടുക്കാന്‍ കഴിയുക എന്നതാണ് ഒരു യഥാര്‍ത്ഥ കലാകാരന്റെ വിജയം.
നന്ദലാല എന്ന ചിത്രത്തില്‍ ഞാന്‍ ഭരതന്റെ ഒരു ഷോട്ട് അതുപോലെ തന്നെ ഉപയോഗിച്ചിട്ടുണ്ട്. തേവര്‍ മകനില്‍ ഇരു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒരു ലോങ്ങ്‌ ഷോട്ടില്‍ ചിത്രീകരിച്ചിട്ടുണ്ട്. നന്ദലാലയിലും അതുപോലെ ഒരു ഷോട്ട് ഞാന്‍ ഭരതനോടുള്ള ആരാധനയാല്‍ ഉള്‍പ്പെടുത്തി. ആ ഷോട്ട് എടുക്കുന്നതിനു മുന്‍പ് ഞാന്‍ എന്‍റെ ക്രൂവിനോട് വളരെയേറെ വൈകാരികമായി സംസാരിച്ചു. ആ ഷോട്ടും ഞാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, ഭരതനെന്ന മഹാനായ സംവിധായകനെക്കുറിച്ച്... അത് ഞാന്‍ കാണാത്ത എന്‍റെ ഗുരുവിനുള്ള സമര്‍പ്പണമാണെന്ന് പറഞ്ഞു. സാധാരണ ഷൂട്ടിംഗ് വളരെ വേഗത്തില്‍ തീര്‍ക്കുന്ന ഒരാളാണ് ഞാന്‍ പക്ഷെ, അന്നത്തെ ദിവസം ഞാന്‍ ആ ഒരു ഷോട്ടേ എടുത്തുള്ളൂ. എത്ര ചിത്രീകരിച്ചിട്ടും പോര എന്ന തോന്നല്‍. ഭരതനെ ഓര്‍ത്ത് എനിക്ക് മലയാളികളോട് അസൂയ തോന്നാറുണ്ട്.
( മിഷ്ക്കിന്‍ എന്‍റെ കൈകളില്‍ മുറുകെ പിടിച്ചു. ' പോലീസിന്റെ'കൂളിംഗ് ഗ്ലാസ്സുകള്‍ എടുത്തുമാറ്റി മുഖം തുടച്ചപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നത് കാണാമായിരുന്നു.)

( കൂടുതല്‍ വിശദമായ വായനക്ക്: മാധ്യമം പുതുവര്‍ഷപ്പതിപ്പ് ...... )