Saturday, August 11, 2012

യഥാര്‍ത്ഥ ജീവിതത്തിലെ ഉസ്താദ്‌

'ഉസ്താദ്‌ ഹോട്ടല്‍' കണ്ട് തീയറ്റര്‍ വിട്ടപ്പോള്‍ മനസ്സില്‍ നിറഞ്ഞത്‌ ആ മനുഷ്യന്റെ മുഖമായിരുന്നു. അതെ, ഇത്‌ അയാള്‍ തന്നെ. തമിഴകത്തെ വേറിട്ട ജീവിത മാതൃകകളിലൊന്നായ നാരായണന്‍ കൃഷ്ണന്‍ എന്ന എന്‍ കൃഷ്ണന്‍. മനസ്സില്‍ തോന്നിയ സംശയത്തിന് മറുപടിതേടിയത് ഉസ്താദ്‌ ഹോട്ടലിന്റെ തിരക്കഥാകൃത്ത് അഞ്ജലി മേനോനില്‍ നിന്നു തന്നെയായിരുന്നു. അഞ്ജലി മേനോന്‍ ചിരിച്ചുകൊണ്ട് ശരിവെച്ചു. ഏത് മനുഷ്യനെയും പ്രചോദിപ്പിക്കുന്ന നാരായണന്‍ കൃഷ്ണന്റെ ജീവിതം സിനിമയുടെ ശീലങ്ങള്‍ക്കനുസരിച്ച് ഹൃദ്യമായി അന്‍വര്‍ റഷീദും, അഞ്ജലി മേനോനും പറഞ്ഞുവെച്ചിരിക്കുന്നു. 'ഉസ്താദ്‌ ഹോട്ടലിന്' രുചിപകര്‍ന്ന നാരായണന്‍ കൃഷ്ണനെന്ന പാവങ്ങളുടെ പാചകക്കാരന്റെ ജീവിതം ഏറെ വിസ്മയങ്ങള്‍ നിറഞ്ഞതാണ്‌. ഉസ്താദ്‌ എന്ന വാക്കിന് വഴികാട്ടി എന്നും അര്‍ത്ഥമുണ്ട്. അങ്ങിനെയെങ്കില്‍ കൃഷ്ണന്‍ ഒരു ഉസ്താദാണ്. ആ വഴികാട്ടിയുടെ വഴിയിലൂടെ ഒരു യാത്ര.

അതെ, യാദൃശ്ചികതകളുടെ സംഗമമാണ് ജീവിതം

മധുര. തമിഴകത്തിന്റെ സാംസ്ക്കാരിക ഭൂമി. ഐതീഹ്യങ്ങളും ചരിത്രപ്പഴമകളും ജീവിക്കുന്ന, ക്ഷേത്രരഥങ്ങള്‍ ഊരുചുറ്റുന്ന മണ്ണ്. കണ്ണകിയുടെ കാല്‍ച്ചിലമ്പിന്റെ നാദവുമായി ഒഴുകുന്ന കാവേരി നദി. ശിവ പാര്‍വ്വതീ പ്രണയത്തിന്റെ ഉറവയായി വൈഗൈ നദി. സര്‍വ്വ ചരാചരങ്ങള്‍ക്കും മാതൃസ്നേഹം പകര്‍ന്ന് സാക്ഷാല്‍ മധുരൈ മീനാക്ഷി അമ്മന്‍. മധുരയിലെത്തിയപ്പോള്‍ നാരായണന്‍ കൃഷ്ണന്റെ സഹപ്രവര്‍ത്തകര്‍ വാഹനവുമായി വന്നു. കൃഷ്ണന്‍ നടത്തുന്ന 'അക്ഷയ ട്രസ്റ്റ്‌' എന്ന സ്ഥാപനത്തിന്റെ പേര്പതിപ്പിച്ച ഒരു നീല മാരുതി ഒമിനി വാന്‍. നഗരദുര്‍:ഗന്ധങ്ങള്‍ക്കിടയിലും നന്മയുടെ ചെറുതരിയവശേഷിപ്പിച്ച് മല്ലിഗൈ പൂമണം നിറയുന്നു. ഒരു നഗരത്തെ അറിയാന്‍ ആദ്യം അതിന്റെ മണങ്ങളെ അറിയണമെന്ന് പറഞ്ഞത് പ്രശസ്ത സാഹിത്യകാരന്‍ റുഡ്യാര്‍ഡ്‌ കിപ്ലിംഗ്. ഞാന്‍ ഈ നഗരത്തിന്റെ നന്മയുടെ ഗന്ധം മാത്രമേ സ്വീകരിക്കുന്നുള്ളൂ. പാണ്ഡ്യരാജവംശത്തിന്റെ കുതിരക്കുളമ്പടികള്‍ പതിഞ്ഞ പാതയിലൂടെ യാത്ര.

സ്വീകരിക്കാന്‍ അക്ഷയട്രസ്റ്റിന്റെ പൂമുഖത്ത് നാരായണന്‍ കൃഷ്ണനുണ്ടായിരുന്നു. സന്തോഷവാനും, സുമുഖനുമായ ചെറുപ്പക്കാരന്‍. മുഖത്ത് കട്ടിമീശ. മായാത്ത പുഞ്ചിരി. ഊഷ്മളമായ സ്വാഗതം. കരുത്തുറ്റ ഹസ്തദാനം. ചെന്നപാടെ കൃഷ്ണനോട് ഉസ്താദ്‌ ഹോട്ടലിന്റെ വിശേഷങ്ങള്‍ പറഞ്ഞു. " എങ്ങിനെയുണ്ട് ആളുകളുടെ പ്രതികരണം ? " കൃഷ്ണന്‍ ചോദിച്ചു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു വിദേശയാത്രയുടെ തിരക്കിലാണ് കൃഷ്ണന്‍. അമേരിക്കയിലെ തമിഴ് സംഘടനകള്‍ ഏര്‍പ്പെടുത്തിയ ഒരു പരിപാടിയാണ്. " ലോകത്തിലെ ഏറ്റവും മഹത്തരമായ സ്ഥലങ്ങളിലൊന്ന് ഏതാണെന്ന് അറിയുമോ?" ട്രസ്റ്റിന്റെ ഓഫീസ്സിനുള്ളിക്ക് പോകുന്നതിനിടെ കൃഷ്ണന്‍ ചോദിച്ചു. " ദാ .. ഇവിടം " എന്‍റെ മറുപടിക്ക് കാത്തുനില്‍ക്കാതെ ട്രസ്റ്റിനുള്ളിലെ അടുക്കള ചൂണ്ടി കൃഷ്ണന്‍ മറുപടി പറഞ്ഞു. " രണ്ട് കാരണങ്ങള്‍ കൊണ്ടാണ് അടുക്കള മഹത്തരമാകുന്നത്. ഒന്ന്, ഓരോ ദിവസവും നമ്മുടെ ജീവന്‍ കടപ്പെട്ടിരിക്കുന്നത് ഭക്ഷണത്തോടാണ്. ദൈവത്തിന്റെ ഏറ്റവും വലിയ ദാനമാണ് ഭക്ഷണം. ഭാരതീയചിന്ത പ്രകാരം അന്നം പരബ്രഹ്മസ്വരൂപം ( ഭക്ഷണമാണ് ദൈവം ). ഭക്ഷണം ഒരുങ്ങുന്നത് അടുക്കളയിലാണ്. അടുക്കളയുടെ മഹത്വത്തിന്റെ രണ്ടാമത്തെ കാരണം നമ്മുടെ ജീവിതത്തിലെ കാണപ്പെട്ട ദൈവമായ അമ്മ ഏറ്റവും കൂടുതല്‍ ഇടപഴകുന്ന ഇടം അടുക്കളയാണ്‌. "  കൃഷ്ണന്‍ ചിരിച്ചുകൊണ്ട് അടുക്കള മാഹാത്മ്യം പറഞ്ഞു.  ഇതിനെക്കുറിച്ച് ആര്‍ക്ക് അഭിപ്രായഭിന്നതയുണ്ടായാലും കൃഷ്ണന്റെ അടുക്കള മഹത്തരം തന്നെയാണ്. ഞാന്‍ മനസ്സിലോര്‍ത്തു. കാരണം വിശന്നുപൊരിയുന്ന ഒരുപാട് വയറുകളുടെ പ്രതീക്ഷാകേന്ദ്രമാണിത്. ആ അടുക്കളയുടെ ഒരു വശത്തിരുന്ന് കൃഷ്ണന്‍ തന്റെ ജീവിതകഥ പറഞ്ഞു.1981 ല്‍ മധുരയിലെ ഒരു യാഥാസ്ഥിക ബ്രാഹ്മണകുടുംബത്തിലാണ് നാരായണന്‍ കൃഷ്ണന്‍ ജനിച്ചത്‌. കടുത്ത മതവിശ്വാസികളായിരുന്നു മാതാപിതാക്കള്‍. ആചാരാനുഷ്ടാനങ്ങളും ചിട്ടകളും കടുകിടതെറ്റിക്കാത്ത കുടുംബാന്ത:രീക്ഷം. ഇല്ലത്തിന് പുറത്ത് കറങ്ങിനടക്കുന്നത്‌ വീട്ടുകാര്‍  കുറ്റകരമായിക്കണ്ടിരുന്നതിനാല്‍ കുട്ടിക്കാലം ഏറെയും ഏകാന്തതയുടേതായിരുന്നു. മുത്തശ്ശി പകര്‍ന്നുതന്ന കൈപ്പുണ്യത്തിന്റെ വഴി കൃഷ്ണന്‍ കരിയറായി തെരഞ്ഞെടുത്തു. ഇന്ത്യയിലെ എണ്ണം പറഞ്ഞ മികവുറ്റ പാചകക്കാരനായി പേരെടുത്ത കൃഷ്ണന്‍ ബാംഗ്ലൂര്‍ താജ് ഹോട്ടലിലെ പ്രധാന ഷെഫായി. 2002 ലാണ് നാരായണന്‍ കൃഷ്ണന്റെ ജീവിതം മാറ്റിമറിച്ച ആ സംഭവം നടന്നത്. തന്റെ നളപാചകം കൊണ്ട് പേരെടുത്ത കൃഷ്ണനെ സ്വിറ്റ്സര്‍ലന്റിലെ ഒരു വന്‍കിട ഹോട്ടല്‍ ജോലിക്കായി ക്ഷണിച്ചു. ഇന്ത്യയില്‍ നിന്ന് പറക്കാനായത്തിന്റെ സന്തോഷത്തില്‍ പുത്തന്‍ ജീവിതസ്വപ്‌നങ്ങള്‍ കണ്ടു നടക്കുകയായിരുന്നു അയാള്‍. " ഞാന്‍ ശരിക്കും ത്രില്ലിലായിരുന്നു. അന്നത്തെ എന്റെ മാനസീകാവസ്ഥയനുസരിച്ച് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം." കൃഷ്ണന്‍ അക്കാലം ഓര്‍ത്തു. പക്ഷെ ഇപ്പോള്‍ ആ ആവേശമില്ല. മുഖത്ത് നിഴലിച്ചത് അതിലും എത്രയോ വലിയ മറ്റൊന്ന് ലഭിച്ചതിന്റെ ആത്മസംതൃപ്തി. പോകുംമുന്‍പ്, മീനാക്ഷി അമ്മനെക്കണ്ട് തൊഴാനും മുത്തശ്ശിയോട് യാത്ര പറയാനുമായി ബാംഗ്ലൂരില്‍ നിന്ന് മധുരയിലെത്തി. മുത്തശ്ശിക്കായുള്ള സമ്മാനങ്ങളുമായി തറവാട്ടിലേക്ക് പോകുകയായിരുന്നു കൃഷ്ണന്‍. വഴിമധ്യേ, അയാള്‍ ആ നടുക്കുന്ന കാഴ്ച്ച കണ്ടത്. ഒരു പാലത്തിന് കീഴെ ഒരു വൃദ്ധനിരിക്കുന്നു. മെലിഞ്ഞുണങ്ങിയ ശരീരം. നീണ്ടുവളര്‍ന്ന നരച്ച താടി. കുഴിഞ്ഞ കണ്ണുകളില്‍ പ്രതീക്ഷയുടെ വെളിച്ചം കാലം തല്ലിക്കെടുത്തിയിരുന്നു. ദയനീയമായ നോട്ടം. ശരീരം മറക്കാന്‍ കീറിയ, അഴുക്കുപുരണ്ട ഒരു തുണിക്കഷ്ണം മാത്രം. വിശപ്പ്‌ സഹിക്കാന്‍ കഴിയാതെ അയാള്‍ തന്റെ മലം ഭക്ഷിക്കുകയായിരുന്നു. ഇടതുകൈകൊണ്ട് മൂക്ക് പാതി അടച്ചുപിടിച്ച് തന്റെ വിസര്‍ജ്ജ്യം തിന്നുന്നു. ആരും അയാളെ ശ്രദ്ധിക്കുന്നേയില്ല. ചിലര്‍ അറപ്പോടെ കാറിത്തുപ്പുന്നുണ്ടായിരുന്നു. ആ കാഴ്ച്ച കണ്ട് കൃഷ്ണന് തലചുറ്റുന്നതുപോലെ തോന്നി. ആകെ തകര്‍ന്നുപോയ കൃഷ്ണന്‍ തന്റെ കൈയ്യിലെ ബര്‍ഗ്ഗറും മിനറല്‍വാട്ടറും കുറ്റബോധംകൊണ്ട് ദൂരേക്ക്‌ വലിച്ചെറിഞ്ഞു. സ്വയം ശപിച്ചു. ആ വൃദ്ധന്റെ കൈകള്‍ കഴുകിച്ചശേഷം അയാള്‍ക്ക്‌ അടുത്തുള്ള ഹോട്ടലില്‍നിന്ന്  ഇഡലി വാങ്ങിക്കൊടുത്തു. " ഒരുപാട് പേര്‍ക്ക് വെച്ചുവിളമ്പിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ ഇത്രയും സന്തോഷത്തോടെ ആഹാരം കഴിക്കുന്നത്‌ കാണുന്നത്. ചൂടുള്ള ഇഡലി അയാള്‍ വിശപ്പുമൂലം വളരെ വേഗം കഴിക്കുന്നുണ്ടായിരുന്നു. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. അയാള്‍ മാനസീകമായി ആകെത്തകര്‍ന്ന ഒരവസ്ഥയിലായിരുന്നു. അയാള്‍ എന്നോട് നന്ദി പറഞ്ഞിരുന്നെങ്കില്‍ ആ സംഭവം ഞാന്‍ അവിടെ മറന്നേനെ. പക്ഷെ അയാള്‍ ഒന്നുംമിണ്ടാതെ വളരെ ദൈന്യതനിറഞ്ഞ ഒരുനോട്ടം നോക്കുകയായിരുന്നു. അത് എന്‍റെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചു. ഞാന്‍ എന്‍റെ ജീവിതത്തിന്റെ അര്‍ത്ഥമെന്താണെന്ന് ചിന്തിച്ചു. ജോലി, പണം, പദവി  ഇതിന്റെയൊക്കെ യഥാര്‍ത്ഥ നേട്ടമെന്താണ്? നമ്മുടെ ആഗ്രഹങ്ങള്‍ക്ക് എന്നെങ്കിലും അവസാനമുണ്ടോ? " കൃഷ്ണന്‍ വികാരാധീനനായി പറഞ്ഞുനിര്‍ത്തി. 


തുടര്‍ന്ന് വായിക്കുക ... കന്യക , 2012 ഓഗസ്റ്റ്‌ 1-5 ലക്കം. 

No comments:

Post a Comment