Thursday, February 16, 2012

കാത്തിരിക്കൂ, സ്റ്റൈയില്‍ മന്നനും സകലകലാവല്ലഭനും ഒന്നിക്കുന്നു !




1975 ല്‍ കെ ബാലചന്ദറിന്റെ ' അപൂര്‍വ്വ രാഗങ്ങളില്‍' അഭിനയിക്കാന്‍ ശിവാജി റാവു ഗേയ്ക്ക്വാദെത്തുമ്പോള്‍ ചിത്രത്തിലെ നായകനായ കമല്‍ ഹാസ്സന്‍ തമിഴ് സിനിമയില്‍ തന്റേതായൊരു ഇടം നേടിയെടുത്തുകഴിഞ്ഞിരുന്നു. ഭൈരവി എന്ന നായികാ കഥാപാത്രത്തിന്റെ ഭര്‍ത്താവും പ്രതിനായകനുമായി ശിവാജി റാവു ആ ചിത്രത്തില്‍ തിളങ്ങി. പതിവ് വില്ലന്‍ കഥാപാത്ര സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ആ സ്റ്റൈലിഷ് വില്ലന്‍ നായകനേക്കാള്‍ കൈയ്യടി നേടി. മറാത്താവംശജനായ കറുത്ത് മെലിഞ്ഞ കര്‍ണ്ണാടകക്കാരന്‍ യുവാവ് രജനീകാന്തായി. തമിഴ് സിനിമയുടെ സ്റ്റൈല്‍ മന്നനായി. കമല ഹാസന്റെയും രജനീകാന്തിന്റെയും അഭിനയ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ ഇരുവരും പത്ത് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു. മിക്ക ചിത്രങ്ങളും കമല്‍ സുന്ദരനായ നായകനും രജനി സ്റ്റൈലന്‍ വില്ലനുമായിരുന്നു. പിന്നീട് രണ്ടുപേരും കോളീവുഡില്‍ സ്വന്തം സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തി. ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഈ ഇതിഹാസതാരങ്ങള്‍ വീണ്ടും ഒന്നിയ്ക്കുന്നു. ഇരുവരുടെയും ആരാധകരെയും സിനിമാലോകത്തെയും ആവേശത്തിലാക്കുന്ന ഈ ആഗ്രഹം വ്യക്തമാക്കിയത് കമല ഹാസന്‍ തന്നെയാണ്. തന്റെ സ്വപ്ന പദ്ധതിയായ 'മരുതനായക'ത്തില്‍ രജനി അതിഥിതാരമായെത്തും എന്നാണ് കമല അറിയിച്ചിട്ടുള്ളത്. 1997 ല്‍ എലിസബത്ത് രാജ്ഞിയാണ് 'മരുതനായക'ത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്‌. മുഹമ്മദ്‌ യൂസഫ്‌ ഖാനെന്ന ചരിത്രപുരുഷന്റെ ജീവിതകഥ പറയുന്ന 'മരുതനായക'ത്തിന്റെ ബഡ്ജറ്റ് 150 കോടി രൂപയായിരുന്നു. ചിത്രത്തിന്റെ 25 % ഷൂട്ടിംഗ് പൂര്‍ത്തിയായെങ്കിലും സാമ്പത്തീക ബുദ്ധിമുട്ടുകളും സാങ്കേതിക കാരണങ്ങളും മൂലം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന 'വിശ്വരൂപ'ത്തിനുശേഷം 'മരുതനായക'ത്തിന്റെ ഷൂട്ടിംഗ് പുന:രാരംഭിക്കുമെന്ന് കമല്‍ വ്യക്തമാക്കി. കാത്തിരിക്കാം, സ്റ്റൈയില്‍ മന്നന്റെയും സകലകലാവല്ലഭന്റെയും താര സംഗമത്തിനായി.

**********************************************************************************

സാക്ഷാല്‍ 'മക്കള്‍തിലകം' എം ജി ആറും 'നടികര്‍തിലകം' ശിവാജി ഗണേശനും ഒരുമിച്ച് അഭിനയിക്കാത്തത്തിനു കാരണം ആരുടെ പേര് ആദ്യം എഴുതിക്കാണിക്കണം എന്ന ആശങ്ക നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നതിനാലാണെന്നാണ് തമിഴകത്തെ പഴമൊഴി. അടുത്തകാലത്തഭിനയിച്ച എല്ലാ ചിത്രങ്ങളും എട്ടുനിലയില്‍ നിലംതൊടാതെ പൊട്ടിയതിനാലാണ് സകലകലാവല്ലഭന്‍ സ്റ്റൈയില്‍മന്നനോടൊത്ത് അഭിനയിക്കാന്‍ പദ്ധതിയിടുന്നതെന്നാണ് പുതുമൊഴി. രണ്ടുപേരുടെയും ആരാധകര്‍ മാത്രം കണ്ടാല്‍ പോരെ ചിത്രം സര്‍വ്വകാല ഹിറ്റല്ലേ...

No comments:

Post a Comment