Tuesday, February 7, 2012

പാഠം ഒന്ന്: വൈ ദിസ് കൊലവെറി




കാര്യം, പാടിയത് ഒരു തട്ടിക്കൂട്ട് പാട്ടാണെങ്കിലും പണ്ടാരോ പറഞ്ഞ പോലെ ചക്ക വീണു മുയലു ചത്തു. അല്ല മുയലുകള്‍ ചത്തു എന്ന് പറയുന്നതായിരിക്കും ശരി. കാരണം അതുപോലെയല്ലേ സംഭവം അങ്ങ് കയറി ഹിറ്റായത്!. ഭാഷാ ഭേദങ്ങള്‍ പിന്നിട്ട് അറബിയിലും സ്പാനിഷിലും ജര്‍മനിലുമെല്ലാം 'കൊലവെറി' തരംഗം ആഞ്ഞടിച്ചു. യൂ-ടൂബ് ഹിറ്റില്‍ സകലകാല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചു. പാക്കിസ്ഥാനില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും പങ്കെടുത്ത ടി വി പരിപാടിക്ക് 'വൈ ദിസ് ഡെമോക്രസി ഡീ' എന്ന് പേര് കൊടുത്തു. ചെന്നൈ പോലീസിന്റെ ട്രാഫിക് സുരക്ഷാ പരിപാടികള്‍ക്ക് പരസ്യം കൊടുത്തത് ' വൈ ദിസ് കൊലവെറി ' എന്ന തലക്കെട്ടോടെയായിരുന്നു. കെട്ടിയവനെ നെറ്റില്‍ വിറ്റ് കാശാക്കിയ രജനിയുടെ മകള്‍ ഐശ്വര്യ, ധനുഷിനെ കറക്കിയെടുക്കാന്‍ ശ്രമിച്ച ശ്രുതി ഹാസ്സനെ നോക്കി 'വൈ ദിസ് കൊലവെറി ഡീ ... ' എന്ന് പാടിയതായാണ് കോളീവുഡിലെ പാപ്പരാസികള്‍ പറയുന്നത്. അസൂയാലുക്കള്‍ അങ്ങിനെ പലതും പറയുമെന്നാണ് സൂപ്പര്‍ സ്റ്റാര്‍ മകള്‍ക്ക് നല്‍കിയ ഉപദേശം. ഒപ്പം ചെക്കനേയും ചെക്കന്റെ അച്ഛന്‍ കസ്തൂരി രാജയും വിളിച്ചു പ്രാസമൊപ്പിച്ചു പഞ്ച് ഡയലോഗ് പറഞ്ഞു. കാര്യം ദേശീയ അവാര്‍ഡ് നേടിയ നടനാണെങ്കിലും ചെക്കന്‍ വിരണ്ടു. കാരണം അമ്മായപ്പന്‍ " ഒരു തടവൈ സൊന്നാല്‍ അത് നൂറ്തടവൈ സൊന്നമാതിരിയാണ്":. ധനുഷിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ 'കോളീവുഡിലെ തല്ലിപ്പൊളി'യായ ചിമ്പു ' ലവ് ആന്‍ന്തം' എന്ന ആല്‍ബം ഒരുക്കി. സംഭവം ചിമ്പുവിന്റെ സിനിമപോലെതന്നെ എട്ടു നിലയില്‍ പൊട്ടി എന്നത് വാസ്തവം. ടി രാജേന്ദ്രന്റെ മകന് ധനുഷിനോടുള്ള പക ഐശ്വര്യയെ കെട്ടിയനാള്‍ മുതല്‍ തുടങ്ങിയതാണ്‌. തമിഴ് സിനിമയുടെ താരരാജവിന്റെ മകളുടെ മേല്‍ ചിമ്പുവിന് പണ്ടേ ഒരു കണ്ണുണ്ടായിരുന്നു. രജനി സമ്മതിച്ചില്ല. സിംഹത്തോടാണോ കുറുക്കന്റെ കളി ... അല്ലാ പിന്നെ..!

സംഗതികള്‍
ഇങ്ങനെയൊക്കെയാണെങ്കിലും അഹമ്മദാബാദ് ഐ ഐ എമ്മില്‍ ക്ലാസ്സെടുക്കാന്‍ ധനുഷിനെ ക്ഷണിച്ചതായാണ് ഒടുവിലത്തെ വിവരം. ധനുഷിനെയും ബന്ധുവും 'കൊലവെറിയുടെ' സംഗീത സംവിധായകനുമായ അനിരുധിനെയുമാണ് ക്ലാസ്സെടുക്കാന്‍ ക്ഷണിച്ചിട്ടുള്ളത്. സൈബര്‍ സ്പൈസിലെ കച്ചോടമാണ് വിഷയം. 'വൈറല്‍ മാര്‍ക്കറ്റിംഗ് ആന്റ് സോഷ്യല്‍ മീഡിയ' എന്നും പറയും.

എന്നാണാവോ നമ്മുടെ സന്തോഷ്‌ പണ്ഡിറ്റിനെ ഇതേ വിഷയത്തില്‍ ക്ലാസ്സെടുക്കാന്‍ കോഴിക്കോട് ഐ ഐ എം ക്ഷണിക്കുക.

2 comments:

  1. കൊലവെറികളുടെ കാലത്ത്‌ നമുക്ക്‌ മാത്രം എങ്ങിനെ ഒഴിഞ്ഞ്‌ നില്‍ക്കാനാകൂം .വേണ്ടെന്ന്‌ വിചാരിച്ചാലും നാവില്‍ നിന്ന്‌ അത്‌ പോകുന്നില്ലല്ലോ.........

    വൈ ദിസ്‌ കൊലവെറി .......ഡീ.....

    സില്‍സിലാഹെ.......സില്‍സില

    "
    എന്നാണാവോ നമ്മുടെ സന്തോഷ്‌ പണ്ഡിറ്റിനെ ഇതേ വിഷയത്തില്‍ ക്ലാസ്സെടുക്കാന്‍ കോഴിക്കോട് ഐ ഐ എം ക്ഷണിക്കുക. "

    ReplyDelete