പത്താംക്ലാസ് പരീക്ഷ കഷ്ട്ടിച്ച് പാസായ, കാര്യമായി മേലനങ്ങാതെ കാശ് സമ്പാതിക്കാനും ബി എം ഡബ്ലിയു കാറ് വാങ്ങാനും ആഗ്രഹിക്കുന്ന യുവാവാണോ നിങ്ങള്‍ .... മകനെ സ്വാശ്രയ കോളേജില്‍ പഠിപ്പിക്കാന്‍ കഴിയാതെ വിഷമിക്കുന്ന രക്ഷിതാവാണോ നിങ്ങള്‍ ... എങ്കില്‍ ഇത് നിങ്ങള്‍ക്കുള്ളതാണ്.
കേരളത്തിനകത്തും പുറത്തും ഒട്ടേറെ തൊഴില്‍ സാധ്യതകളുള്ള മാസ്റ്റര്‍ ഓഫ് ക്വട്ടേഷന്‍ കോഴ്സുകളിലേക്ക് ആരോഗ്യവാന്മാരായ യുവാക്കളില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു. കോഴ്സുകള്‍, MBA (കുത്തിക്കൊല്ലല്‍), MBA ( ഞെക്കികൊല്ലല്‍ ), MBA ( വെടിവെച്ചുകൊല്ലല്‍ ) എന്നിവയാണ്. നിങ്ങളുടെ കൊടിയുടെ നിറം ഇതുമാകട്ടെ .. ഉടനടി സ്ക്രീനില്‍ കാണുന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് ഞങ്ങളുടെ കോഴ്സ് മാനേജര്‍ 'വെട്ടുകാട്ശശി'യുമായി ബന്ധപ്പെടുക. ഇടത്തും വലത്തും അതിനു നടുവിലുംഉള്ള എല്ലാ പാര്‍ട്ടികളിലും ഞങ്ങള്‍ക്ക് നേതാക്കളുണ്ട്.
ഞങ്ങളുടെ കോഴ്സ് പഠിച്ചിറങ്ങിയ അമേരിക്കന്‍ സ്വദേശി ജെന്നിഫര്‍ നിക്കോലി പറയുന്നത് കേള്‍ക്കൂ .. " വാവ്വ്! .. വളരെ അത്ഭുതകരമാണ് ഈ കോഴ്സിന്റെ ഫലങ്ങള്‍. മുന്‍പ് ഞാന്‍ പണിയൊന്നും ഇല്ലാതെ വാഷിംഗ്ടണ്‍ തെരുവിലൂടെ തേരാപാരാ തെണ്ടി നടക്കുകയായിരുന്നു. ഈ കോഴ്സ് പഠിച്ച ശേഷം എന്റെ ജീവിതമാകെ മാറി. ഇപ്പോള്‍ ഒബാമയെവരെ കൊല്ലാനുള്ള ധൈര്യം എനിക്ക് വന്നു. എനിക്ക് കൃത്യമായി പോക്കറ്റ് മണി തരാതെ തന്റെ പുതിയ ഗേള്‍ ഫ്രണ്ടിനൊപ്പം കറങ്ങിനടന്ന എന്റെ പപ്പയെ തല്ലിയാണ് ഞാന്‍ എന്റെ ക്വട്ടേഷന്‍ പണിക്ക് തുടക്കംകുറിച്ചിട്ടുള്ളത് "
നിക്കോലി പറയുന്നത് കേട്ടല്ലോ ഇനി തന്റെ മകനെ ഈ കോഴ്സ് പഠിപ്പിച്ച ഒരച്ഛന് പറയുന്നത് കേള്‍ക്കൂ .. " പിള്ളേര് മാസ്റ്റര്‍ ഓഫ് ക്വട്ടേഷന്‍ കോഴ്സ് പഠിക്കുണ്ട് .. ഉടനടി അവര്‍ക്ക് ജോലി കിട്ടുന്നുമുണ്ട്... നമ്മുടെ നാടും നന്നാവുന്നുണ്ട്."
ക്വട്ടേഷന്‍ പണിയില്‍ പേരെടുത്തവരായാ 'ലംബൂ' പ്രദീപ്, 'കൊടി' സുനി, 'വാക്കത്തി' രാജന് എന്നിവര്‍ നയിക്കുന്ന പ്രാക്റ്റിക്കല്‍ ക്ലാസുകള്‍, ചാനല്‍ ചര്‍ച്ചകളില്‍ തിളങ്ങുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും, ആവശ്യത്തിനു മാത്രം വായതുറക്കുന്ന സാംസ്ക്കാരിക നായകരും നയിക്കുന്ന തിയറി ക്ലാസ്സുകള്‍. മറ്റ് കോഴ്സുകള്‍ പഠിക്കുന്ന സമയം കൊണ്ട് നിങ്ങള്‍ക്ക് ഈ കോഴ്സിന്റെ പ്രാക്റ്റിക്കല്‍ പൂര്‍ത്തിയാക്കി ജയിലില്‍ നിന്ന് റിലീസാകം. തെരഞ്ഞെടുപ്പു വേളകളില്‍ പ്രത്യേക പരിശീലന അവസരങ്ങള്‍ നല്‍കുന്നതായിരിക്കും. ഒളിവില്‍ പോകാന്‍, കേസ് നടത്താന്‍ ഞങ്ങള്‍ പിരിവുനടത്തി നിങ്ങളെ സഹായിക്കും. കൊല ചെയ്തു മടുത്താല്‍ മാധ്യമങ്ങളില്‍ വെളിപ്പെടുത്തല്‍ നടത്താന്‍ അവസരം നല്ക്കും. ABC അറിയാത്ത നിങ്ങളെക്കുറിച്ച് BBC യില്‍ വാര്‍ത്തവരും. അഡ്മിഷന് കുറച്ചു ദിവസത്തേക്ക് മാത്രം. വര്‍ദ്ധിച്ചു വരുന്ന അഭ്യര്‍ത്ഥനമാനിച്ച് സീറ്റുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.
എന്ന്
കോഴ്സ് കോഡിനേറ്റര്‍
മണിയാശന്